തൃശൂര്‍: കോവിഡിന്റെ പശ്ചാത്തലത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നാളെ മുതല്‍ വിവാഹങ്ങള്‍ നടത്തുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പിന്‍വലിച്ചു. ക്ഷേത്രത്തില്‍ മുന്‍കൂട്ടി ബുക്ക് ചെയ്തിട്ടുള്ള എല്ലാ വിവാഹങ്ങളും നടത്താന്‍ അനുമതി നല്കി. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ഓരോ വിവാഹസംഘത്തിലും 12 പേര്‍ക്ക് മാത്രം പങ്കെടുക്കാം. ക്ഷേത്രത്തില്‍ നാളെ 40 വിവാഹങ്ങളും ഞായറാഴ്ച 140 വിവാഹങ്ങളും ബുക്ക് ചെയ്തിട്ടുണ്ട്. പരാതി വ്യാപകമായതിനെ തുടര്‍ന്നാണ് വിലക്ക് പിന്‍വലിച്ചത്.
കോവിഡ് രോഗവ്യാപനം രൂക്ഷമായതോടെ ഗുരുവായൂരില്‍ ഭക്തര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ന് മുതല്‍ ഒരുദിവസം ആയിരം പേര്‍ക്ക് മാത്രമാണ് ദര്‍ശനത്തിന് അനുമതിയുള്ളത്. ആനക്കോട്ടയിലും സന്ദര്‍ശകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ക്ഷേത്രനടയില്‍ വിവാഹങ്ങള്‍ നടത്താന്‍ ശനിയാഴ്ച മുതല്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അനുമതിയില്ലെന്നാണ് ദേവസ്വം ബോര്‍ഡ് നേരത്തെ അറിയിച്ചിരുന്നത്. ബുക്കിങ് തുക മടക്കി നല്‍കാനും ദേവസ്വം തീരുമാനിച്ചിരുന്നു. വിവാഹങ്ങള്‍ നിര്‍ത്തി വച്ചതിനെതിരെ വ്യാപകമായ പരാതി ഉണ്ടായതിനെ തുടര്‍ന്നാണ് ജില്ല കളക്ടര്‍ ഇന്നു രാവിലെ വിലക്ക് നീക്കിയത്.