തിരുവനന്തപുരം: ബസുകളില്‍ നിയന്ത്രണം കടുപ്പിച്ചാല്‍ സര്‍വ്വീസുകള്‍ നിര്‍ത്തിവയ്ക്കുമെന്ന് ബസ് ഉടമകള്‍. സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവു വേണമെന്നും നിയന്ത്രണം കടുപ്പിച്ചാല്‍ സര്‍വ്വീസുകള്‍ നിര്‍ത്തിവെയ്ക്കേണ്ട സഹാചര്യമാണെന്നും ബസുടമകള്‍ പറയുന്നു. നിന്നുകൊണ്ടുള്ള യാത്ര അനുവദിക്കില്ലെന്ന തീരുമാനം മാറ്റണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
സംസ്ഥാനത്തെ രോഗികളുടെ എണ്ണം വീണ്ടും വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പൊതുഗതാതത്തില്‍ ഉള്‍പ്പെടെ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. അധികം ആളെ കയറ്റരുതെന്ന നിര്‍ദ്ദേശം വന്‍ വരുമാന നഷ്ടം ഉണ്ടാക്കുമെന്നും തീരുമാനം ഇരുട്ടടിയാണെന്നും സ്വകാര്യ ബസുടമകള്‍ പറഞ്ഞു. ബസുകളില്‍ ഇരുന്ന് മാത്രം യാത്ര ചെയ്താല്‍ മതിയെന്ന നിര്‍ദ്ദേശം അപ്രായോഗികമാണെന്നാണ് ബസുടമകള്‍ വ്യക്തമാക്കുന്നത്. മുഴുവന്‍ സീറ്റുകളിലും ആളെയിരുത്തിയ ശേഷം യാത്ര ആരംഭിച്ചാല്‍ വഴിയില്‍ നിന്നും യാത്രക്കാരെ കയറ്റാന്‍ പറ്റാതാകുന്ന സാഹചര്യം ഉണ്ടാകും. സ്ഥിതി തുടര്‍ന്നാല്‍ ബസ് സര്‍വ്വീസുകള്‍ നിര്‍ത്തിയിടേണ്ട സാഹചര്യം സംസ്ഥാനത്തുണ്ടാകുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്കുന്നു. നിയന്ത്രണങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഉള്‍പ്പെടെ പരാതി നല്‍കാനൊരുങ്ങുകയാണ് ബസുടമകള്‍.