കാഞ്ഞിരപ്പള്ളി: കരുകച്ചാല്‍ പഞ്ചായത്തില്‍ പര്യടനം നടത്തി യു.ഡി.എഫ്. കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥി ജോസഫ് വാഴയ്ക്കന്. ചമ്പക്കര പള്ളിപ്പടിയില്‍ നിന്നാരംഭിച്ച പ്രര്യടനം തോമസ് കുന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് തുറന്ന വാഹനത്തില്‍ മണ്ഡലം പ്രതിനിധികള്‍ക്കൊപ്പം കുറുപ്പന്‍കവല, തിരുമ്മുകവല വഴി പര്യടനം ആരംഭിച്ചു. ഇരുചക്ര വാഹനങ്ങളുമായി കെ.എസ്.യു. പ്രവര്‍ത്തകര്‍ വാഴക്കനൊപ്പം പര്യടനത്തില്‍ ചേര്‍ന്നു.
ഇരുപത്തിയാറോളം സ്വീകരണ കേന്ദ്രങ്ങളില്‍ പ്രവര്‍ത്തകരും നാട്ടുകാരും സ്നേഹവും സന്തോഷവും ഏറ്റുവാങ്ങി. വഴികളില്‍ കുട്ടികളും സ്ത്രീകളും വയോജനങ്ങളും ഉള്‍പ്പെടെയുള്ളവര്‍ കാത്തു നിന്ന് സ്ഥാനാര്‍ത്ഥി ജോസഫ് വാഴയ്ക്കനെ അഭിവാദ്യം ചെയ്തു. ഉമ്പിടിയിലെ കുടിവെള്ള പൈപ്പുകള്‍ക്കു സമീപം കുടങ്ങളുമായി നില്ക്കുന്ന വീട്ടമ്മമാരോട് കുടിവെള്ള ലഭ്യതയെ കുറിച്ച് ചോദിച്ചറിഞ്ഞു. ഉമ്പിടിയിലെ ചെരുപ്പു നിര്‍മ്മാണ ശാല സന്ദര്‍ശിച്ച് അവിടത്തെ സ്ത്രീ തൊഴിലാളികളോട് വോട്ട് അഭ്യര്‍ത്ഥിച്ചു.
കറുകച്ചാലില്‍ ഹൈടെക്ക് മാര്‍ക്കറ്റ് നിര്‍മ്മിക്കുമെന്ന് സ്ഥാനാര്‍ത്ഥി ജോസഫ് വാഴയ്ക്കന് പറഞ്ഞു. കങ്ങഴ, നെടുംകുന്നം, വാഴൂര്‍, കറുകച്ചാല്‍, വെള്ളാവൂര്‍ പഞ്ചായത്തുകള്‍ക്കായി കറുകച്ചാലില്‍ ഫയര്‍ സ്റ്റേഷന് സ്ഥാപിക്കണമെന്ന ആവശ്യം നിറവേറ്റുമെന്നും പഞ്ചായത്തിലെ ഇഞ്ചക്കുടിത്തകിടി കുടിവെള്ള പദ്ധതിയില്‍ നിന്നുള്ള വെള്ളം അപര്യാപ്തമായതിനാല്‍ പുതിയ പദ്ധതി നടപ്പാക്കി ശുദ്ധജല ലഭ്യത ഉറപ്പാക്കുമെന്നും ജോസഫ് വാഴയ്ക്കന് പറഞ്ഞു.
പടനിലംപടി, എന്‍.എസ്.എസ്. ജംഗ്ഷന്, പച്ചിലമാക്കല്‍, കുറ്റിക്കല്‍, മാമ്പതി, തെങ്ങോലിപടി, കൂത്രപ്പള്ളി കാരിക്കാനിരവ്, ചേറ്റുതടം, ശാന്തിപുരം, കണിയാംകുന്ന്, നെടുങ്ങാടപ്പള്ളി, കൊച്ചുപറമ്പ്, ഇഞ്ചക്കുഴി, പൂവന്പറപടി, ബാംഗലാംകുന്ന്, നെത്തല്ലൂര്‍ എന്നിവിടങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങി പര്യടനം കറുകച്ചാലില്‍ സമാപിച്ചു.
അഡ്വ. അജിത്കുമാര്‍ കെ.സി, സി.ടി. തോമസ്, റോബിന് വെള്ളപ്പള്ളി, ജോ തോമസ് പായിക്കാട്ട്, സണ്ണി മംപാട്ടില്, അബ്ദുള്‍ കരീം മുസ്ലിയാര്, ബെന്നി അബ്ബാട്ട്, മാത്യു ജോണ്‍, മോഹന്‍ദാസ് കുറുപ്പ്, അഡ്വ. തോമസ്കുട്ടി തോമസ്, രാജേഷ് എഴുചിറ എന്നിവര്‍ യോഗത്തില്‍ പ്രസംഗിച്ചു.
ഇന്ന് വാഴൂര്‍ പഞ്ചായത്തിലാണ് പര്യടനം. 19-ാം മൈല്‍ ചെങ്കല്ലക്കുന്ന് നിന്ന് ആരംഭിക്കുന്ന പര്യടനം പുളിക്ക കവലയില്‍ സമാപിക്കും.