ആര്. ബാലശങ്കറിന്റെ ആരോപണങ്ങള്‍ തള്ളി നേമത്തെ ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്. ബിജെപിയും സിപിഐഎമ്മും തമ്മില്‍ രഹസ്യ ധാരണയുണ്ടെന്ന ആരോപണം അടിസ്ഥാന രഹിതമെന്ന് കുമ്മനം രാജശേഖരന് പറഞ്ഞു.
വോട്ടിംഗ് പാറ്റേണ്‍ പരിശോധിച്ചാല്‍ ഇക്കാര്യം മനസിലാകും. തിരുവനന്തപുരത്ത് ബിജെപി വോട്ടില്‍ പുരോഗതി മാത്രമേ ഉണ്ടായിട്ടുള്ളൂ. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ശശി തരൂര്‍ ജയിച്ചപ്പോള്‍ തിരുവനന്തപുരത്ത് ബിജെപി രണ്ടാം സ്ഥാനത്തെത്തിയിരുന്നു. ആരുമായും അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടാക്കേണ്ട ആവശ്യം ബിജെപിക്ക് ഇല്ല. പലരും പല അഭിപ്രായങ്ങളും പറയും. അതൊന്നും ബിജെപിയുടെ അഭിപ്രായമല്ലെന്നും അവരുടെ വ്യക്തിപരമായ കാഴ്ചപ്പാടാണെന്നും കുമ്മനം രാജശേഖരന് പറഞ്ഞു.
ബിജെപി സംസ്ഥാന നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ച് ആര് ബാലശങ്കര്‍ രംഗത്തെത്തിയിരുന്നു. ചെങ്ങന്നൂരില്‍ നിന്ന് തന്നെ ബോധപൂര്‍വമാണ് ഒഴിവാക്കിയതെന്നും സീറ്റ് നിഷേധിച്ചത് ബിജെപി- സിപിഐഎം ധാരണയെ തുടര്‍ന്നാണെന്നുമായിരുന്നു ബാലശങ്കറിന്റെ ആരോപണം.