മൂവാറ്റുപുഴ: ജില്ലയുടെ ഏറ്റവും പ്രധാനപ്പെട്ട ആവശ്യം റോഡുകളുടെ വികസനം ആയിരുന്നു. ഗതാഗത കുരുക്കില്‍ വീര്‍പ്പുമുട്ടിയിരുന്ന മൂവാറ്റുപുഴ നഗരത്തിന് ഒരു ബൈപാസ് അനിവാര്യമായിരുന്നു. എംഎല്‍എ എന്ന നിലയില്‍ മുന്‍ഗാമികള്‍ തയ്യാറാക്കിയിരുന്ന രൂപരേഖയുടെ ചുവടുപിടിച്ചാണ് പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചത്. റോഡ് നിര്‍മാണവും, പണം അനുവദിപ്പിക്കലും, പാലം നിര്മാണവുംഎല്ലാം അതിന്റെ ഭാഗമായിട്ടാണ് നടന്നത്. പക്ഷേ പിന്നീട് വന്ന എല്‍ഡിഎഫ് സര്‍ക്കരിന്റെ അഞ്ചുവര്‍ഷം മാത്രം ഒരു തുടര്‍ച്ചയും ഉണ്ടായില്ല. തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ അനുവദിച്ച പണം പോലും രണ്ടു തവണയും ലാപ്സായതായി ജോസഫ് വാഴക്കന് വിമര്‍ശിച്ചു.
നഗര വികസനം ഒരു വലിയ പ്രക്രിയയായിരുന്നു. ഏറ്റെടുക്കുന്ന ഭൂമിക്ക് വില നിശ്ചയിച്ചു, പണം അനുവദിച്ചു കഴിഞ്ഞാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കിയത്.കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ഇതില്‍ ചിലര്‍ക്ക് പണം ലഭ്യമാക്കി എന്നതല്ലാതെ ഇനിയും ഭൂമിയേറ്റെടുക്കാനുള്ള 30 ശതമാനത്തോളം വ്യക്തികള്‍ക്ക് പണം അനുവദിപ്പിക്കാനോ എന്തെങ്കിലും പ്രവര്‍ത്തനങ്ങള്‍ നടത്താനോ കഴിഞ്ഞ അഞ്ചുവര്‍ഷമായി നടന്നില്ല എന്നത് ദൗര്‍ഭാഗ്യകരമാണ്.
മൂവാറ്റുപുഴ കെഎസ്ആര്‍ടിസി ബസ്റ്റാന്‍ഡ്. മനോഹരമായ ഡിസൈനില്‍ 80%പൂര്‍ത്തിയായ പദ്ധതിയാണ് കഴിഞ്ഞ അഞ്ചുവര്‍ഷമായി മുടങ്ങിപ്പോയത്. ഒടുവില്‍ നിര്‍മ്മാണ സമയത്ത് സ്റ്റാന്‍ഡിന്റെ മുന്നില്‍ കൂട്ടിയിട്ടിരുന്ന മണല്‍ക്കൂന മാറ്റി ബസ് കയറാനുള്ള താല്‍ക്കാലിക പരിഹാരം സാധ്യമാക്കിയത് മൂവാറ്റുപുഴ ഡവലപ്പ്മെന്റ അസോസിയേഷന് ആയിരുന്നു.
ജനറല്‍ ആശുപത്രിയില്‍ പുതിയ ബ്ലോക്കും11, 12 വാര്‍ഡുകളും, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി പ്രത്യേക വിഭാഗവും ശസ്ത്രക്രിയ ഉള്‍പ്പെടെ മുടക്കം കൂടാതെ നടത്താന്‍ വാങ്ങിയ 50 ലക്ഷം രൂപയുടെ ജനറേറ്ററും നവീകരിച്ച മോര്‍ച്ചറിയും ഫ്രീസറും പോലീസ് സര്‍ജുന്‍ ഉള്‍പ്പെടെ 33 പുതിയ തസ്തികകള്‍ സൃഷ്ടിച്ച് ഡോക്ടര്‍മാരെ ഉള്‍പ്പെടെയുള്ളവരെ നിയമിച്ചതും കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണെന്ന് ജോസഫ് വാഴക്കന് ഓര്‍മിപ്പിച്ചു.
മൂവാറ്റുപുഴയില്‍ ഇന്ന് കാണുന്ന സ്റ്റേഡിയവും പവലിയനും നിര്‍മിച്ചത് യുഡിഎഫ് സര്‍ക്കാരാണ്.ഇപ്പോള്‍ ഇലക്ഷന് പ്രമാണിച്ച് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഉദ്ഘാടനം നടത്തിയതായി കണ്ടു. നിര്‍മാണത്തിന് ടെന്‍ഡര്‍ നടപടി പോലും പൂര്‍ത്തിയാക്കാത്ത പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത് ആരെ കബളിപ്പിക്കാനാണെന്നും വാഴക്കന് വിമര്‍ശിച്ചു.
ആവോലി പഞ്ചായത്തിലെ ഇട്ടിക്കാട്ട് മലയില്‍ 300 പേര്‍ക്ക് പട്ടയം നല്കി യുഡിഎഫ് സര്‍ക്കാര്‍.എന്നാല്‍ അഞ്ചു വര്‍ഷം പിന്നിടുമ്പോള്‍ അവിടെ നില്ക്കുന്ന മരങ്ങള്‍ മുറിച്ച് തങ്ങളുടെ കിടപ്പാടം ഉണ്ടാക്കാനുള്ള അനുമതി പോലും ആ പാവപ്പെട്ട മനുഷ്യര്‍ക്ക് വാങ്ങിക്കൊടുക്കാന്‍ ഇടതുപക്ഷ സര്‍ക്കാരിന് അഞ്ചു വര്‍ഷമായി സാധിച്ചിട്ടില്ല എന്നുള്ളതാണ് സത്യമെന്നും വാഴക്കന് ചൂണ്ടിക്കാട്ടി.
ത്രിവേണി സംഗമ ഭൂമിയില്‍ യുഡിഎഫ് കാലത്ത് നിര്‍മ്മിച്ച പുഴയോര വാക്ക് വേ എല്ലാവര്ക്കും അറിയാം. പുഴക്കരക്കാവില്‍ എത്തിനില്‍ക്കുന്ന വാക്ക് വേ ഇന്നും പാതിവഴിയിലാണ്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത്ടെന്ഡര് നടപടി വരെ പൂര്‍ത്തിയാക്കിയ ആയവനയിലെ പോര്‍ക്കാവ് പാലവും ബഡ്ജറ്റ് പ്രസംഗത്തില്‍ തുക അനുവദിച്ച ആരക്കുഴയിലെ വള്ളിക്കടപാലവും എങ്ങുമെത്തിയില്ല. അതെല്ലാം നാടിന്ന്റെ ദുഃഖ സ്മരണകളായി നിലനില്‍ക്കുന്നതായും വാഴക്കന് വിമര്‍ശിച്ചു.
ആറുവര്‍ഷം മുമ്പ് ഒരു മഴയില്‍ ഒലിച്ചു പോയതാണ് മൂവാറ്റുപുഴയിലെ കോര്‍മല. അതിന്റെ സംരക്ഷണത്തിനായി ഒരു ചെറുവിരല്‍ പോലും ഇതുവരെ സര്‍ക്കാര്‍ അനക്കിയിട്ടില്ല.കോര്മലയിലെടാങ്ക് ഒരു വാട്ടര്‍ ബോംബ് പോലെ ഭീഷണിയായി നമ്മുടെ തലയ്ക്കുമുകളില്‍ നില്‍ക്കുകയാണ്. ഇതുപോലും ഉത്തരവാദിത്തപ്പെട്ടവര്‍ അവഗണിക്കുന്നു. ഈ നാടിന്റെ ഓരോ മേഖലയും അവഗണന നേരിട്ട കാലയളവാണ് കടന്നു പോയതെന്ന് വിവിധ പദ്ധതികള്‍ ചൂണ്ടിക്കാട്ടിയാണ് ജോസഫ് വാഴക്കന് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ നാടിന്റെ വികസന മുരടിപ്പിനെതിനെ രൂക്ഷമായി വിമര്‍ശിച്ചത്.