ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2021 സീസണിന്റെ മുഴുവന്‍ ഷെഡ്യൂളും ബോര്‍ഡ് ഓഫ് കണ്ട്രോള് ഫോര്‍ ക്രിക്കറ്റ് ഇന്‍ ഇന്ത്യ (ബി.സി.സി.ഐ) ഞായറാഴ്ച പ്രഖ്യാപിച്ചു.
നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിലുള്ള മത്സരത്തോടെ ഏപ്രില്‍ 9 ന് ഐ.പി.എല്‍ 2021 ആരംഭിക്കുമെന്ന് ബി.സി.സി.ഐ പറഞ്ഞു. ഹോം ഗെയിമുകളൊന്നും ഉണ്ടാകില്ല, മുംബൈ ഉള്‍പ്പെടെ ആറ് കേന്ദ്രങ്ങളെ ബോര്‍ഡ് ഷോര്‍ട്ട്ലിസ്റ്റ് ചെയ്തിട്ടുണ്ട്. അവസാന ലീഗ് മത്സരം അഹമ്മദാബാദില്‍ ആര്‍സിബിയും പഞ്ചാബ് കിംഗ്സും തമ്മില്‍ നടക്കും.
ലീഗ് ഘട്ടത്തില്‍ ഓരോ ടീമും നാല് സ്റ്റേഡിയങ്ങളിലായി കളിക്കും. 56 ലീഗ് മത്സരങ്ങളില്‍ ചെന്നൈ, മുംബൈ, കൊല്‍ക്കത്ത, ബംഗളൂരു എന്നിവിടങ്ങളില്‍ 10 മത്സരങ്ങള്‍ വീതവും അഹമ്മദാബാദും ഡല്‍ഹിയും 8 മത്സരങ്ങള്‍ വീതവും ആതിഥേയത്വം വഹിക്കും. ഒരു ടീമും അവരവരുടെ ഹോം ഗ്രൗണ്ടില്‍ കളിക്കില്ല എന്നതാണ് ഇതിന്റെ ഒരു പ്രത്യേകത.
അടുത്തിടെ ഇംഗ്ലണ്ടിനെതിരെ പിങ്ക്- ബോള്‍ ടെസ്റ്റ് നടന്ന അഹമ്മദാബാദിലെ നരേന്ദ്ര മോദി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ പ്ലേ ഓഫുകള്‍ക്കും മാര്‍ക്യൂ ഇവന്റിന്റെ ഫൈനലിനും ആതിഥേയത്വം വഹിക്കുമെന്നും ഐ.പി.എല്‍ ഫ്രാഞ്ചൈസികളോട് ബി.സി.സി.ഐ പറഞ്ഞു.
കോവിഡ് -19 മഹാമാരി കാരണം ഐ.പി.എല്ലിന്റെ 2020 പതിപ്പ് ഇന്ത്യയില്‍ നിന്ന് മാറ്റി യു.എ.ഇയില്‍ ആക്കിയിരുന്നു. അതിനാല്‍ വരാനിരിക്കുന്ന ഐ.പി.എല്‍ പതിപ്പിന് ആതിഥേയത്വം വഹിക്കാന്‍ ബി.സി.സി.ഐ പ്രത്യേകം ശ്രദ്ധ പതിപ്പിച്ചിട്ടുണ്ട്.