കര്‍ഷക സമരം തുടരുന്ന സിംഘു അതിര്‍ത്തിയില്‍ കര്‍ഷകര്‍ക്ക് നേരെ വെടിവെയ്പുണ്ടായതായി റിപ്പോര്‍ട്ട്. ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്. പ്രതിഷേധക്കാര്‍ക്ക് ഭക്ഷണം തായാറാക്കുന്ന ലംഗാറിന് (സമൂഹ അടുക്കള) അടുത്താണ് വെടിവെയ്പുണ്ടായതെന്നും, കാറിലെത്തിയ സംഘം മൂന്ന് റൗണ്ട് വെടിവച്ചതായും കര്‍ഷകര്‍ പറഞ്ഞു. പഞ്ചാബ് രജിസ്ട്രേഷനിലുളള കാറിലാണ് സംഘമെത്തിയതെന്ന് ഹരിയാന പൊലീസ് വ്യക്തമാക്കി.
ഹരിയാന പൊലീസ് അന്വേഷണം ആരംഭിച്ചു. ആയിരക്കണക്കിന് വനിതാ കര്‍ഷകര്‍ ഇന്ന് സിംഘു ഉള്‍പ്പടെയുളള സമരവേദികളിലേക്ക് എത്താനിരിക്കെയാണ് വെടിവെയ്പുണ്ടായത്. അതേസമയം അക്രമത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല.
വിവാദ നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ആയിരക്കണക്കിന് കര്‍ഷകരാണ് ഡല്‍ഹി അതിര്‍ത്തികളില്‍ നൂറ് ദിവസത്തിലധികമായി സമരം ചെയ്യുന്നത്.