പുനര്‍നിര്‍മിച്ച പാലാരിവട്ടം മേല്‍പ്പാലം നാളെ ഗാഗതത്തിനായി തുറക്കും. തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ ഔദ്യോഗികമായ ചടങ്ങുകള്‍ ഉണ്ടാകില്ല. വൈകിട്ട് നാലിന് പൊതുമരാമത്ത് വകുപ്പ് ദേശീപാതാ വിഭാഗം ചീഫ് എഞ്ചിനീയര്‍ പാലം ഗതാഗതത്തിന് തുറന്നുകൊടുക്കുമെന്ന് മന്ത്രി ജി. സുധാകരന് അറിയിച്ചു. വകുപ്പു മന്ത്രിയും ഉദ്യോഗസ്ഥരും പാലം സന്ദര്‍ശിക്കുകയും ചെയ്യും.
പാലാരിവട്ടം പാലം ഡി.എം.ആര്.സി., മരാമത്തു വകുപ്പിനു കൈമാറിയതിനെ തുടര്‍ന്ന് ഇന്നലെ മൂന്നംഗ വിദഗ്ധ സമിതി പാലത്തില്‍ പരിശോധന നടത്തി. സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു സര്‍ക്കാര്‍ പാലം തുറന്നു നല്കാന് തീരുമാനിച്ചത്. നൂറ് വര്‍ഷത്തെ ഈട് ഉറപ്പാക്കിയാണ് പാലം പുനര്‍നിര്‍മിച്ചിരിക്കുന്നത്.
ചെന്നൈ ഐ.ഐ.ടി, കേന്ദ്ര ഹൈവേ മന്ത്രാലയത്തിന്റെ സാങ്കേതിക സംഘം, വിജിലന്‍സ്, പൊതുമരാമത്ത് വകുപ്പ് എഞ്ചിനീയര്‍മാര്‍, ഡോ. ഇ.ശ്രീധരന്റെ നേതൃത്വത്തിലുള്ള സാങ്കേതിക വിദഗ്ധര്‍ എന്നിവര്‍ നടത്തിയ പരിശോധനയുടേയും റിപ്പോര്‍ട്ടിന്റേയും അടിസ്ഥാനത്തിലായിരുന്നു പാലം പുനര്‍നിര്‍മിക്കാന്‍ തീരുമാനിച്ചത്.
22.68 കോടി രൂപ പുനര്‍നിര്‍മാണ ചെലവ് കണക്കാക്കിയിരുന്ന പാലം നിര്‍മിക്കുന്നതിന് എട്ട് മാസമാണ് അനുവദിച്ചത്. എന്നാല്‍ നിര്‍മാണ കരാര്‍ ഏറ്റെടുത്ത് ഊരാളുങ്കല്‍ സൊസൈറ്റി അഞ്ചര മാസത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കുകയായിരുന്നു. പാലം ശനിയാഴ്ച മുതല്‍ ഗതാഗതത്തിന് ഉപയോഗിക്കാമെന്നു കാണിച്ചു ഭാര പരിശോധന റിപ്പോര്‍ട്ട് സഹിതം ഡി.എം.ആര്.സി. വ്യാഴാഴ്ച വൈകിട്ടു തന്നെ റോഡ്സ് ആന്‍ഡ് ബ്രിജസ് ഡവലപ്മെന്റ് കോര്‍പറേഷനും മരാമത്ത് വകുപ്പിനും കത്തു നല്‍കിയിരുന്നു.