കെ.സുരേന്ദ്രനെ അധ്യക്ഷനാക്കണമെന്ന മുരളീധരപക്ഷത്തിന്റെ ആവശ്യം തള്ളി ബിജെപി സംസ്ഥാന അധ്യക്ഷനായി പി.എസ്.ശ്രീധരന്‍പിള്ളയെ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ പ്രഖ്യാപിച്ചു. സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് എത്തുന്നതിനു മുന്നോടിയായി ഡല്‍ഹിയില്‍ ദേശീയ സംഘടനാ സെക്രട്ടറി രാംലാലുമായി ശ്രീധരന്‍പിള്ള കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു.
ആര്‍എസ്എസ് നേതൃത്വത്തിന്റെ പിന്തുണയോടെയാണ് ശ്രീധരന്‍പിള്ള പ്രസിഡന്റായത്. കെ.സുരേന്ദ്രനെ അധ്യക്ഷനാക്കുന്നതില്‍ ആര്‍എസ്എസ് നേതൃത്വം എതിര്‍പ്പറിയിച്ചിരുന്നു.അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പ് വരെ ശ്രീധരന്‍പിള്ള അദ്ധ്യക്ഷ സ്ഥാനത്ത് തുടരണമെന്നാണ് ആര്.എസ്.എസിന്റെ ആവശ്യം.
മുന്‍ അധ്യക്ഷന്‍ കുമ്മനം രാജശേഖരന് മിസോറാം ഗവര്‍ണറായി നിയമിക്കപ്പെട്ട ഒഴിവിലേക്കു പുതിയ അധ്യക്ഷനെ പ്രഖ്യാപിക്കുന്നതിനായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ അടുത്തിടെ കേരളത്തില്‍ എത്തിയിരുന്നെങ്കിലും, ഗ്രൂപ്പുകളുടെ തമ്മിലടിമൂലം തീരുമാനമെടുക്കാന്‍ കഴിയാതെ തിരികെ മടങ്ങുകയായിരുന്നു.
ജെപി സംസ്ഥാന അധ്യക്ഷനാകാന്‍ ശ്രീധരന്‍പിള്ള ദേശീയ നേതൃത്വത്തോട് സമ്മതമറിയിച്ചിരുന്നു. ഇതു സംബന്ധിച്ചു കേന്ദ്ര നേതാക്കള്‍ തന്നോടു സംസാരിച്ചിരുന്നെന്നും അധ്യക്ഷനാകുന്നതിനു തനിക്കു വിയോജിപ്പില്ലെന്നു കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും ശ്രീധരന്‍പിള്ള പ്രതികരിക്കുകയും ചെയ്തിരുന്നു.