നിയമസഭാ തെരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ പോലീസ് ഉദ്യോഗസ്ഥന്മാരുടെ കുടുബ ജീവിതത്തേയും, പോലീസ് സംവിധാനത്തേയും തകര്‍ക്കുന്ന തരത്തിലുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്ഥലംമാറ്റ മാനദണ്ഡങ്ങള്‍ക്കെതിരെ കേരള ഹൈക്കോടതിയെ സമീപിക്കാന്‍ കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന്റെ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.
സബ് ഇന്‍സ്പെക്ടര്‍ റാങ്ക് മുതല്‍ മുകളിലോട്ടുള്ള ജീവനക്കാരാണ് ഇത്തരത്തില്‍ ട്രാന്‍സ്ഫര്‍ ചെയ്യപ്പെടുന്നത്. ഇലക്ഷന് കമ്മീഷന്റെ മാനദണ്ഡങ്ങള്‍ പ്രകാരം, ഒരു ഉദ്യോഗസ്ഥന് സ്വന്തം ജില്ലയിലും, മൂന്ന് വര്‍ഷം തുടര്‍ച്ചയായി പ്രവര്‍ത്തി എടുത്ത ജില്ലയിലും, 2019 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ജോലി നോക്കിയ ജില്ലയിലും, ഇതിനുമപ്പുറം 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജോലി നോക്കിയ ജില്ലയിലും SI മുതല്‍ മുകളിലോട്ടുള്ള റാങ്കില്‍ ഉള്ളവരെ നിയമിക്കാന്‍ പാടില്ല. ഇതിന്റെ അനന്തരഫലം എന്നത് ഈ ഉദ്യോഗസ്ഥന്മാരെ അഞ്ച് ജില്ലകള്‍ക്കപ്പുറത്തേക്ക് സ്ഥലം മാറ്റപ്പെടുന്നു. ഇത് കോടതിയുടെ മുന്നില്‍ കൊണ്ടുവരാന്‍ കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന്റെ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. കേവലം രണ്ട് മാസം മുമ്പ് നടന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ തെരഞ്ഞെടുപ്പ് ഇത്തരത്തില്‍ ഒരു ട്രാന്‍സ്ഫറും ഇല്ലാതെ ഭംഗിയായി നടത്തിയ പോലീസ് ഓഫീസര്‍മാരാണ് കേരളത്തില്‍ ഉള്ളത് എന്നതും ശ്രദ്ധേയമാണ്.
ഈ നടപടി പോലീസ് ഉദ്യോഗസ്ഥന്മാരുടെ കുടുംബജീവിതം തകര്‍ക്കുന്നു എന്ന് മാത്രമല്ല, പോലീസ് സംവിധാനത്തിന്റെ പ്രവര്‍ത്തനങ്ങളെ പോലും തകര്‍ക്കുന്നു. കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കേസുകള്‍ അന്വേഷിക്കുന്ന ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസര്‍മാരാണ് ഇങ്ങനെ ട്രാന്‍സ്ഫര്‍ ചെയ്യപ്പെടുന്നത്. ഇങ്ങനെ ട്രാന്‍സ്ഫര്‍ നടത്തുന്നതിലൂടെ കേരളത്തിലെ മുഴുവന്‍ കേസുകളിലും പുതിയ അന്വേഷണ ഉദ്യോഗസ്ഥര്‍ ആകുന്നു. ഇത് ഉണ്ടാക്കുന്ന സാഹചര്യം കൂടി കാണേണ്ടതുണ്ട്.
അതുപോലെ അഡ്വക്കേറ്റ്സിനെതിരെ ഉണ്ടാകുന്ന കേസുകളില്‍ പരസ്പര ചര്‍ച്ചയ്ക്കായി ഒരു സമിതി നിലവിലുണ്ട്. എന്നാല്‍ ഈ സമിതിയുടെ പ്രവര്‍ത്തനം തൃപ്തികരമല്ല എന്ന് മാത്രമല്ല, ജനാധിപത്യ പരവുമല്ല എന്ന് ഇന്ന് KPOA കാണുന്നു. അതാത് കാലത്തെ അഡ്വക്കേറ്റ് ജനറല്‍ ചെയര്‍മാനും സംസ്ഥാന പോലീസ് മേധാവി അംഗവുമാണ്. കൂടാതെ ഹൈക്കോടതിയിലെ അഡ്വക്കേറ്റ്മാരുടെ സംഘടനയായ ഹൈക്കോടതി ബാര്‍ അസോസിയേഷന്റെ മൂന്ന് അംഗങ്ങളും പ്രസിഡന്റും, അഡ്വക്കേറ്റിന്റെ ജില്ലയിലെ ബാര്‍ അസോസിയേഷന് പ്രതിനിധിയും ഈ സമിതിയില്‍ അംഗങ്ങളാണ്.
ഇങ്ങനെ ഒരു സമിതിയിലേക്ക് ഒറ്റയ്ക്ക് കടന്ന് വരുന്ന പോലീസ് ഓഫീസറെ കൂട്ടായി വിചാരണ ചെയ്യുന്ന അനുഭവമാണ് പലപ്പോഴും ഉണ്ടാകുന്നത്. ഹൈക്കോടതിക്കുള്ളില്‍ അഏ യുടെ ഓഫീസില്‍ ആണ് ഈ യോഗം നടക്കുന്നത്. ഇനിമുതല്‍ ഇതുപോലെ ഒരു മീറ്റിംഗില്‍ പോലീസ് ഉദ്യോഗസ്ഥരെ പങ്കെടുപ്പിക്കരുതെന്നും ഈ സമിതി പിരിച്ചു വിടുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ അധികാരികള്‍ക്ക് നിവേദനം നല്‍കാനും കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന്റെ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.
ഇങ്ങനെ ഒരു സമിതി തുടരാനാണ് തീരുമാനം എങ്കില്‍ ബാര്‍ അസോസിയേഷന്റെ പ്രതിനിധികള്‍ എന്ന പോലെ കേരളത്തിലെ പോലീസ് സംഘടനകളുടെ പ്രതിനിധികളും നിര്‍ബന്ധമായും ഉണ്ടാകണം. അതുപോലെ തന്നെ ഹൈക്കോടതി പോലെ ഒരു സ്ഥലത്ത് യോഗം കൂടാനും പാടില്ല എന്നും ആവശ്യപ്പെടാന്‍ കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന്റെ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.