ഫെബ്രുവരി 18നു നടക്കുന്ന ഐപിഎല്‍ ലേലത്തില്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത താരങ്ങളുടെ പട്ടിക ബിസിസിഐ പുറത്തുവിട്ടു. ആകെ ഉണ്ടാവുക 292 താരങ്ങളാണ് ഉണ്ടാകുക. 7 വര്‍ഷം നീണ്ട വിലക്കിനു ശേഷം പ്രൊഫഷണല്‍ ക്രിക്കറ്റിലേക്ക് തിരികെ എത്തിയ മലയാളി താരം ശ്രീശാന്ത് ഷോര്‍ട്ട്ലിസ്റ്റ് ചെയ്ത പട്ടികയില്‍ ഇല്ല. ഒരു ഫ്രാഞ്ചൈസിയും താരത്തില്‍ താത്പര്യം കാണിച്ചില്ലെന്നാണ് വിവരം.
1114 താരങ്ങള്‍ ആണ് ലേലത്തില്‍ പങ്കെടുക്കാന്‍ താത്പര്യം അറിയിച്ച് പേര് രജിസ്റ്റര്‍ ചെയ്തത്. ഈ പട്ടികയിലുള്ള 292 താരങ്ങളില്‍ വിവിധ ഫ്രാഞ്ചൈസികള്‍ താത്പര്യം അറിയിക്കുകയായിരുന്നു. ഇതില്‍ 164 ഇന്ത്യന്‍ താരങ്ങളും 125 വിദേശ താരങ്ങളും അസോസിയേറ്റ് രാജ്യങ്ങളിലെ മൂന്ന് താരങ്ങളും ഉള്‍പ്പെട്ടിട്ടുണ്ട്.
സച്ചിന് ബേബി, മുഹമ്മദ് അസ്ഹറുദ്ദീന്, വിഷ്ണു വിനോദ്, എസ് മിഥുന്, നിഥീഷ് എംഡി, ഗണേഷ് റോജിത് എന്നീ താരങ്ങളാണ് കേരളത്തില്‍ നിന്ന് ഐപിഎല്‍ ലേലത്തില്‍ പങ്കെടുക്കുക. എല്ലാവരുടെയും അടിസ്ഥാന വില 20 ലക്ഷം രൂപയാണ്. ഓള്‍റൗണ്ടര്‍ ജലജ് സക്സേനയ്ക്ക് ഇടം ലഭിച്ചില്ല.
രണ്ട് ഇന്ത്യന്‍ താരങ്ങളാണ് 2 കോടി രൂപ അടിസ്ഥാന വില ഇട്ടിരിക്കുന്നത്. ഹര്ഭജന് സിംഗ്, കേദാര്‍ ജാദവ് എന്നിവരെ കൂടാതെ ഓസീസ് താരങ്ങളായ ഗ്ലെന്‍ മാക്സ്വല്‍, സ്റ്റീവ് സ്മിത്ത് എന്നിവരും ഇംഗ്ലണ്ട് താരങ്ങളായ മൊയീന്‍ അലി, സാം ബില്ലിംഗ്സ്, ലിയാം പ്ലങ്കറ്റ്, ജേസന്‍ റോയ്, മാര്‍ക്ക് വുഡ് എന്നിവരും ബംഗ്ലാദേശ് ഓള്‍റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസനും ഏറ്റവും ഉയര്‍ന്ന അടിസ്ഥാന വില നിശ്ചയിച്ചിട്ടുണ്ട്. ഒരു കോടി രൂപ അടിസ്ഥാന വിലയില്‍ ഹനുമ വിഹാരി, ഉമേഷ് യാദവ് എന്നീ ഇന്ത്യന്‍ താരങ്ങള്‍ ഉണ്ട്.