വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തെ സച്ചിന് ബേബി നയിക്കും. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ സഞ്ജു സാംസണ് ആണ് കേരളത്തിന്റെ ക്യാപ്റ്റനായത്. എന്നാല്‍, 50 ഓവര്‍ ടൂര്‍ണമെന്റില്‍ സച്ചിന് ബേബി ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് തിരികെ എത്തുകയായിരുന്നു. കേരളത്തിന്റെ പ്രധാന പേസര്‍മാരായ കെഎം ആസിഫും ബേസില്‍ തമ്പിയും ടീമില്‍ ഇടം നേടിയില്ല എന്നതാണ് ശ്രദ്ധേയം. അതേസമയം, ശ്രീശാന്ത് ടീമില്‍ തുടരും.
20 അംഗ ടീമില്‍ ശ്രീശാന്താണ് പ്രധാന പേസര്‍. എംഡി നിഥീഷ്, ബേസില്‍ എന്‍പി, അരുണ്‍ എം, ശ്രീരൂപ് തുടങ്ങിയവരാണ് മറ്റ് പേസര്‍മാര്‍. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് വിഷ്ണു വിനോദ് ആണ് വൈസ് ക്യാപ്റ്റന്‍. സഞ്ജു സ്പെഷ്യലിസ്റ്റ് ബാറ്റ്സ്മാനായി ടീമിലുണ്ട്. യുവതാരം വത്സല്‍ ഗോവിദ് ടീമില്‍ ഉള്‍പ്പെട്ടു. മുഹമ്മദ് അസ്ഹറുദ്ദീന്, റോബിന് ഉത്തപ്പ, സല്മാന് നിസാര്‍, ജലജ് സക്സേന തുടങ്ങിയവര്‍ ടീമില്‍ ഇടം നേടി.
ഈ മാസം 20 മുതലാണ് വിജയ് ഹസാരെ ട്രോഫി ആരംഭിക്കുക. മാര്‍ച്ച് 14നാണ് ഫൈനല്‍. 6 നഗരങ്ങളിലായി നടക്കുന്ന ടൂര്‍ണമെന്റിനായി താരങ്ങള്‍ വരുന്ന 13ആം തീയതി ബയോ ബബിളില്‍ പ്രവേശിക്കണം. ഇക്കാലയളവില്‍ താരങ്ങള്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിനും മൂന്ന് തവണ കൊവിഡ് പരിശോധന നടത്തും. സൂററ്റ്, ഇന്‍ഡോര്‍, ബെംഗളൂരു, കൊല്‍ക്കത്ത, ജയ്പൂര്‍ എന്നീ വേദികളെ കൂടാതെ പ്ലേറ്റ് ഗ്രൂപ്പ് ടീമുകള്‍ തമിഴ്നാട്ടിലെ വിവിധ ഇടങ്ങളില്‍ തങ്ങളുടെ മത്സരങ്ങള്‍ കളിക്കും.
കേരളം ഗ്രൂപ്പ് സിയിലാണ്. കര്‍ണാടക, യുപി, ഒഡീഷ, റെയില്‍വേയ്സ്, ബീഹാര്‍ എന്നീ ടീമുകള്‍ അടങ്ങിയ സി ഗ്രൂപ്പ് മത്സരങ്ങള്‍ ബംഗളൂരുവിലാണ്.