സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ നീക്കണമെന്ന പ്രതിപക്ഷത്തിന്റെ പ്രമേയം നിയമസഭ തള്ളി. പ്രതിപക്ഷം ഇറങ്ങിപ്പോയതോടെയാണ് വോട്ടിംഗ് ഇല്ലാതെ പ്രമേയം തള്ളിയത്. സ്പീക്കര്‍ സ്ഥാനം ഒഴിയാത്തതില്‍ പ്രതിഷേധിച്ചായിരുന്നു പ്രതിപക്ഷത്തിന്റെ ഇറങ്ങിപ്പോക്ക്.
കെഎസ്യു പ്രസിഡന്റ് എന്ന നിലയില്‍ നിന്ന് ചെന്നിത്തല വളര്‍ന്നിട്ടില്ല. വാര്‍ത്തകളുടെ പിന്നാലെ പോയി പ്രതികരിക്കേണ്ട ആവശ്യമില്ല. സര്‍ക്കാരിനെ അടിക്കാന്‍ മാര്‍ഗമില്ലാത്തതുകൊണ്ട് തന്നെ ആക്രമിക്കുന്നു. മാറുന്ന കാലത്തോട് ചേര്‍ന്ന് പദ്ദതികള്‍ ആവിഷ്കരിച്ചത് തെറ്റാണോന്ന് സ്പീക്കര്‍ ചോദിച്ചു. കരാറുകള്‍ ചട്ടം പാലിച്ചാണ്. അഴിമതി ആരോപണങ്ങള്‍ക്കും സ്പീക്കര്‍ മറുപടി പറഞ്ഞു. ഊരാളുങ്കല്‍ സൊസൈറ്റിയുടെ വിശ്വാസ്യത എണ്ണിപ്പറഞ്ഞു. ടെന്‍ഡര്‍ ഒഴിവാക്കണമെന്ന പ്രതിപക്ഷ അംഗങ്ങളുടെ കത്തുകള്‍ വായിച്ചു. ഊഹാപോഹങ്ങളുടെ പിന്നാലെ പോകരുതെന്ന് സ്പീക്കര്‍ പറഞ്ഞു. പിന്നെന്തിനാണ് പണ്ട് സ്പീക്കറുടെ കസേര മറിച്ചിട്ടതെന്ന് പ്രതിപക്ഷം ചോദിച്ചു. പ്രമേയ നോട്ടീസിനു പിന്നാലെ ഉമ്മറിന്റെ സീറ്റ് പോയെന്ന് സ്പീക്കര്‍ പറഞ്ഞത് സഭയില്‍ ബഹളത്തിന് വഴിവെച്ചിരുന്നു. സ്പീക്കര്‍ മാറിനില്‍ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
നിയമസഭയ്ക്ക് പുറത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും എംഎസ്എഫ് പ്രവര്‍ത്തകരും മാര്‍ച്ച് നടത്തി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്പീക്കറുടെ കോലം കത്തിച്ചു. പൊലീസ് പ്രവര്‍ത്തകര്‍ക്ക് എതിരെ ജലപീരങ്കി പ്രയോഗിച്ചു.
അതേസമയം സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ സുഹൃത്ത് നാസ് അബ്ദുള്ളയെ കസ്റ്റംസ് ചോദ്യം ചെയ്യുകയാണ്. പൊന്നാനി സ്വദേശിയായ നാസ് അബ്ദുള്ള സ്പീക്കര്‍ക്ക് സിം കാര്‍ഡ് എടുത്ത് നല്‍കിയിരുന്നു. സ്വന്തം പേരിലെടുത്ത സിം കാര്‍ഡാണ് നാസ് അബ്ദുള്ള സ്പീക്കര്‍ക്ക് കൈമാറിയത്.