കാര്‍ഷിക നിയമങ്ങള്‍ സംബന്ധിച്ച പ്രശ്നം കര്‍ഷകരും സര്‍ക്കാരുമായി ചര്‍ച്ചചെയ്യാന്‍ സുപ്രിംകോടതി നിയോഗിച്ച നാലംഗ സമിതിയില്‍ നിന്ന് ഭൂപീന്ദര്‍ സിംഗ് മന് പിന്മാറി. ജനങ്ങളുടേയും കര്‍ഷകരുടെയും വികാരം പരിഗണിച്ചാണ് പിന്മാറ്റമെന്നും പഞ്ചാബിന്റെയോ കര്‍ഷകരുടെയോ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഭൂപീന്ദര്‍ സിംഗ് മന് അറിയിച്ചു.
ഭാരതീയ കിസാന്‍ യൂണിയന്, അഖിലേന്ത്യാ കിസാന്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി എന്നിവയുടെ ദേശീയ പ്രസിഡന്റാണ് ഭൂപീന്ദര്‍ സിംഗ് മന്. കര്ഷകന് എന്ന നിലയിലും യൂണിയന് നേതാവെന്ന നിലയിലും പഞ്ചാബിന്റെയും കര്‍ഷകരുടേയും താത്പര്യങ്ങളില്വിട്ടുവീഴ്ചയ്ക്ക് കഴിയില്ലെന്നും ഇതിനായി ഏത് സ്ഥാനത്ത് നിന്നും പിന്മാറാന് താന്‍ തയാറാണെന്നും ഭൂപീന്ദര്‍ സിംഗ് മന് പ്രസ്താവനയിലൂടെ അറിയിച്ചു.
ചില ഭേദഗതികളോടെ നിയമം നടപ്പാക്കണമെന്ന് ഭൂപീന്ദര്‍ സിംഗ് മന് കൃഷി മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇനിയൊരുത്തരവുണ്ടാകുന്നതുവരെ കാര്‍ഷികനിയമങ്ങള്‍ നടപ്പാക്കുന്നത് സ്റ്റേ ചെയ്ത സുപ്രിംകോടതി, കര്‍ഷകരുടെയും സര്‍ക്കാരിന്റെയും ഭാഗം കേട്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനാണ് ചൊവ്വാഴ്ച നാലംഗ സമിതിയെ നിയോഗിച്ചത്.