കാര്‍ഷിക നിയമ ഭേദഗതി സുപ്രിം കോടതി സ്റ്റേ ചെയ്തെങ്കിലും നിയമങ്ങള്‍ പിന്‍വലിക്കാതെ പിന്നോട്ടില്ലെന്ന് നിലപാടില്‍ കര്‍ഷകര്‍. കോടതി നിയോഗിച്ച വിദഗ്ധ സമിതിയോട് കര്‍ഷക സംഘടനകള്‍ സഹകരിക്കില്ല. 48 ദിവസമായി തുടരുന്ന സമരത്തില്‍ കര്‍ഷകര്‍ മുന്നോട്ടുവച്ചത് നിയമം പിന്‍വലിക്കണമെന്ന ആവശ്യമാണ്. സമരം തുടരുമെന്ന നിലപാടില്‍ തന്നെയാണ് കര്‍ഷക സംഘടനകള്‍.
നിയമ ഭേദഗതി സ്റ്റേ ചെയ്തുകൊണ്ടുള്ള ഉത്തരവിനെ മാത്രമാണ് കര്‍ഷകര്‍ സ്വാഗതം ചെയ്തത്. നയപരമായ തീരുമാനം എടുക്കേണ്ടത് സര്‍ക്കാര്‍ ആയതിനാല്‍ കോടതി നിയോഗിച്ച വിദഗ്ധ സമിതിയോട് സഹകരിക്കില്ല. നിയമ ഭേദഗതി സ്റ്റേ ചെയ്തതോടെ സര്‍ക്കാര്‍ പിടിവാശി ഉപേക്ഷിക്കുമെന്നാണ് കര്‍ഷക സംഘടനകളുടെ പ്രതീക്ഷ.
വിദ്ഗധ സമിതി അംഗങ്ങളായ അശോക് ഗുലാത്തി, ജിതിന്ദര് സിംഗ് മന് എന്നിവര്‍ നിയമത്തെ അനുകൂലിക്കുന്നതിനാലാണ് വിദഗ്ധ സമിതിക്കെതിരെ കര്‍ഷകര്‍ നിലപാടെടുത്തത്. സമര കേന്ദ്രം സിംഗുവില്‍ നിന്ന് മാറ്റേണ്ട എന്ന തീരുമാനത്തില്‍ തന്നെയാണ് കര്‍ഷകര്‍. സിംഗുവില്‍ ചേരുന്ന സംയുക്ത കര്‍ഷക സംഘടനകളുടെ യോഗത്തില്‍ സമരത്തിന്റെ ഭാവി തീരുമാനം കൈക്കൊള്ളും.
അതേസമയം സമരം കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയമാണെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ചൂണ്ടിക്കാട്ടി. ഉത്തരവ് കര്‍ഷക സമരം അവസാനിപ്പിക്കാന്‍ പര്യാപ്തമല്ലെന്ന് കെ സി വേണുഗോപാല്‍ പ്രതികരിച്ചു.