നിയുക്ത യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ടീമില്‍ ഒരു ഇന്ത്യന്‍ വംശജ കൂടി. കശ്മീര്‍ സ്വദേശിനി ആയിശ ഷായാണ് ഡിജിറ്റല്‍ സ്ട്രാറ്റജി ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. പാര്‍ട്ണര്‍ഷിപ്പ് മാനേജറായാണ് നിയമനം. റോബ് ഫ്ളാഹേര്ട്ടിയാണ് ടീമിനെ നയിക്കുന്നത്. തിങ്കളാഴ്ചയാണ് തന്റെ വൈറ്റ് ഹൗസ് ഓഫീസ് ഓഫ് ഡിജിറ്റല്‍ സ്ട്രാറ്റജി ടീം അംഗങ്ങളെ ജോ ബൈഡന് പ്രഖ്യാപിച്ചത്.
ലൂസിയാനയിലാണ് ആയിശ വളര്‍ന്നത്. മുമ്പ് ബൈഡന്- ഹാരിസ് കാമ്പയിനില്‍ പാര്‍ട്ണര്‍ഷിപ്പ് മാനേജര്‍ കൂടിയായിരുന്നു ആയിശ. നിലവില്‍ സ്മിത്സോണിയന് ഇന്‍സ്റ്റിറ്റിയൂഷന്റെ അഡ്വാന്‍സ്മെന്റ് സ്പെഷ്യലിസ്റ്റായി സേവനം അനുഷ്ഠിക്കുകയാണ്.
”വിദഗ്ധരുടെ ഈ ടീമിന് ഡിജിറ്റല്‍ മേഖലയില്‍ മികച്ച അനുഭവമുണ്ട്. പുതിയതും നൂതനവുമായ രീതിയില്‍ വൈറ്റ് ഹൗസുമായി അമേരിക്കന്‍ ജനങ്ങളെ ബന്ധിപ്പിക്കാന്‍ ഈ ടീമിന് സാധിക്കും. ആയിശയെ ഞങ്ങളുടെ ടീമില്‍ ഉള്‍പ്പെടുത്തുന്നതില്‍ സന്തോഷവാനാണ്” ബൈഡന് പറഞ്ഞു.
പകര്‍ച്ചവ്യാധിയുടെ സാഹചര്യത്തില്‍ ഡിജിറ്റല്‍ കമ്മ്യൂണിറ്റികളും ഓണ്‍ലൈന്‍ ഇടങ്ങളും കൂടുതല്‍ പ്രാധാന്യം നേടിയിട്ടുണ്ട്. എല്ലാ അമേരിക്കക്കാരുടെയും ജീവിതാനുഭവങ്ങളോട് സംവദിക്കാന്‍ വേണ്ടി ഞങ്ങള്‍ ഒരു ടീമിനെ നിര്‍മ്മിക്കുകയാണെന്ന് ഉപരാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട കമല ഹാരിസും പറഞ്ഞു.