ക്ലാസ് മുറിയില്‍ വിവാഹം കഴിച്ച വിദ്യാര്‍ത്ഥികളെ സ്കൂളില്‍ നിന്ന് പുറത്താക്കി. ആന്ധ്രാപ്രദേശിലെ രാജമുണ്ട്രിയിലെ ഒരു സ്കൂളിലാണ് സംഭവം. പ്ലസ് ടു വിദ്യാര്‍ത്ഥികളാണ് ക്ലാസ്മുറിയില്‍ വച്ച് താലികെട്ടിയത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് സ്കൂള്‍ അധികൃതര്‍ നടപടി സ്വീകരിച്ചത്.
ആളൊഴിഞ്ഞ ക്ലാസ് മുറിയാണ് ഇവര്‍ വിവാഹവേദിയാക്കിയത്. യൂണിഫോമിലുള്ള ആണ്‍കുട്ടിയും പെണ്‍കുട്ടിയും പരസ്പര സമ്മതത്തോടെ താലികെട്ടുന്നതാണ് വിഡിയോയിലുള്ളത്. നെറ്റിയില്‍ സിന്ദൂരം അണിയിക്കാനും പെണ്‍കുട്ടി പറയുന്നുണ്ട്. സുഹൃത്താണ് ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. വിഡിയോ വൈറലായതോടെ വിദ്യാര്‍ത്ഥികളെ പുറത്താക്കുകയായിരുന്നു. മൂന്നു വിദ്യാര്‍ഥികള്‍ക്കെതിരെയാണ് നടപടി ഉണ്ടായിരിക്കുന്നത്.