ഒരു മാസത്തിലേറെ നീണ്ടുനിന്ന ഐപിഎല്‍ പതിമൂന്നാം സീസണ് ഇന്ന് തിരശ്ശീല വീഴും. കിരീടപ്പോരാട്ടത്തില്‍ ഡല്‍ഹി കാപിറ്റല്‍സും നിലവിലെ ജേതാക്കളായ മുംബൈ ഇന്ത്യന്‍സും ഏറ്റുമുട്ടും. ദുബായിയില്‍ ഇന്ത്യന്‍ സമയം വൈകിട്ട് 7.30നാണ് ഫൈനല്‍. മുംബൈ അഞ്ചാം കിരീടം ലക്ഷ്യമിടുമ്പോള്‍ ഡല്‍ഹി ആദ്യമായാണ് ഫൈനലില്‍ കളിക്കുന്നത്.
സീസണില്‍ ഇരുടീമുകളും നേര്‍ക്കുനേര്‍ വന്ന മൂന്ന് മത്സരങ്ങളിലും മുംബൈ ഡല്‍ഹിയെ തോല്‍പ്പിച്ചിരുന്നു. ക്വിന്റണ്‍ ഡികോക്കും സൂര്യകുമാര്‍ യാദവും അടങ്ങുന്ന ശക്തമായ മുന്‍നിരയും കീറോണ്‍ പൊള്ളാര്‍ഡും പാണ്ഡ്യ സഹോദരന്മാരും ഉള്‍പ്പെടുന്ന മധ്യനിരയും മുംബൈയുടെ കരുത്താണ്. ബൗളിംഗില്‍ ജസ്പ്രീത് ബുമ്ര-ട്രെന്‍ഡ് ബോള്‍ട്ട് സഖ്യം മിന്നും ഫോമിലാണ്.
കാഗിസോ റബാഡ- ആന്റിച്ച് നോര്‍ജെ ദക്ഷിണാഫ്രിക്കന്‍ പേസ് ജോഡിയുടെ പ്രകടനം ഡല്‍ഹിയുടെ പ്രകടനത്തില്‍ നിര്‍ണായകമാവും. ബാറ്റിംഗില്‍ ഓപ്പണര്‍ ശിഖര്‍ ധവാന്റെ ഫോമാണ് ഡല്‍ഹിയുടെ കരുത്ത്. രണ്ടാം ക്വാളിഫയറില്‍ സണ്‍റൈസേഴ്സിനെതിരെ മാച്ച് വിന്നറായ മാര്‍ക്കസ് സ്റ്റോയിനിസ് ഓപ്പണറായി തുടരാനാണ് സാധ്യത. എന്നാല്‍ അജിങ്ക്യ രഹാനെ, നായകന് ശ്രേയസ് അയ്യര്‍, റിഷഭ് പന്ത് എന്നിവരുടെ സ്ഥിരതയില്ലായ്മ ഡല്‍ഹിയെ വലയ്ക്കുന്നുണ്ട്.