കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശം വിവാദത്തില്‍. ഒരു അഭിസാരികയെ ഇറക്കി നാണംകെട്ട കളിക്ക് ഇടത് സര്‍ക്കാര്‍ ശ്രമിക്കുകയാണ്. ഇതുകൊണ്ട് രക്ഷപ്പെടാമെന്ന് സര്‍ക്കാര്‍ കരുതേണ്ട. സംസ്ഥാനം മുഴവന്‍ നടന്ന് പീഡിപ്പിക്കപ്പെട്ടു എന്ന് പറഞ്ഞ ഒരു സ്ത്രീയെ ആരും വിശ്വസിക്കില്ല. പീഡനത്തിനിരയായ സ്ത്രീ ആത്മാഭിമാനമുണ്ടെങ്കില്‍ മരിക്കുമെന്നും ഇല്ലെങ്കില്‍ പീഡനം ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്നുമാണ് സോളാര്‍ കേസ് പ്രതിയെ ഉദ്ദേശിച്ച് മുല്ലപ്പള്ളി പറഞ്ഞത്. സംസ്ഥാനം മുഴുവന്‍ തന്നെ ബലാല്‍സംഗം ചെയ്തെന്ന് വിലപിക്കുന്ന സ്തീയാണിതെന്നും കെപിസിസി അധ്യക്ഷന്‍ പറഞ്ഞു. പരാമര്‍ശം വിവാദമായതിനെ തുടര്‍ന്ന് അതേവേദിയില്‍ വച്ചുതന്നെ തുടര്‍ന്ന് മുല്ലപ്പള്ളി നിര്‍വ്യാജം ഖേദം പ്രകടിപ്പിച്ചു.
സോളാര്‍ കേസ് മുന്‍നിര്‍ത്തി യുഡിഎഫിനെതിരെ സര്‍ക്കാര്‍ നീക്കം ശക്തമാക്കുന്നു എന്ന് ആരോപിച്ചായിരുന്നു കെപിസിസി പ്രസിഡന്റിന്റെ പരാമര്‍ശം. സോളാര്‍ കേസിലെ പരാതിക്കാരിയെ യുഡിഎഫിനെതിരെ രാഷ്ട്രീയമായി ഉപയോഗിക്കരുതെന്ന് പറഞ്ഞ ശേഷമായിരുന്നു മുല്ലപ്പള്ളി വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്.
കോണ്‍ഗ്രസ് നേതാവ് എ.പി.അനില്‍കുമാര്‍ ബലാല്‍സംഗം ചെയ്തതായി സോളാര്‍ കേസ് പ്രതി ഇന്നലെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. മുങ്ങിത്താഴാനിരിക്കെ അഭിസാരികയായ സ്ത്രീയെ അണിയറയില്‍ വേഷം കെട്ടിച്ച് നിര്‍ത്തിയിരിക്കുകയാണ് മുഖ്യമന്ത്രി എന്നു പറഞ്ഞാണ് മുല്ലപ്പള്ളി തുടങ്ങിയത്. ആത്മാഭിമാനമുള്ള സ്ത്രീ ഒരിക്കല്‍ പീഡനത്തിനരയായാല് മരിക്കുമെന്നും മുല്ലപ്പള്ളി.
പ്രസംഗം അവസാനിപ്പിച്ച ഉടനെ പരാമര്‍ശങ്ങള്‍ വിവാദമായ കാര്യം വേദിയില്‍ ഇരുന്ന പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മുല്ലപ്പള്ളിയെ അറിയിച്ചു. ചാനലുകളില്‍ വരുന്നവാര്ത്ത മൊബൈല്‍ ഫോണില്‍ കാണിച്ചുകൊടുക്കുകയും ചെയ്തു. തുടര്‍ന്ന് രമേശ് ചെന്നിത്തലയും യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസനുമായി വേദയില്‍ വച്ച് തന്നെ കൂടിയാലോചിച്ച് മുല്ലപ്പള്ളി മൈക്കിനടുത്തേക്ക് വന്ന് ഖേദം പ്രകടിപ്പിച്ചു.
ഖേദപ്രകടനം പൊള്ളയെന്നും മുല്ലപ്പള്ളിക്കെതിരെ നടപടിയെടുക്കുമെന്നും വനിതാ കമ്മീഷന് അധ്യക്ഷ എം.സി ജോസഫൈന് പ്രതികരിച്ചു. മുമ്പും പ്രതിപക്ഷനേതാവിന്റെ നേതൃത്വത്തില്‍ നടന്ന സമരവേദയില്‍ മുല്ലപ്പള്ളി നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. ആരോഗ്യമന്ത്രിയെ കോവിഡ് രാജകുമാരി, നിപ്പാറാണി എന്നു മുല്ലപ്പള്ളി വിളിച്ചതായിരുന്നു അന്ന് വിവാദമായത്.