സുപ്രീംകോടതി അഭിഭാഷകന് പ്രശാന്ത് ഭൂഷനെതിരെ കോടതിയലക്ഷ്യ നടപടി വേണമെന്ന് വീണ്ടും ആവശ്യം. ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെയ്ക്കെതിരായ പുതിയ ട്വീറ്റിന്റെ പശ്ചാത്തലത്തില്‍ കോടതിയലക്ഷ്യ നടപടിക്ക് അനുമതി തേടി അറ്റോര്‍ണി ജനറലിന് അഭിഭാഷകന് കത്ത് നല്കി.
മധ്യപ്രദേശ് സര്‍ക്കാര്‍ ഒരുക്കിയ പ്രത്യേക ഹെലികോപ്ടറില്‍ ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ യാത്ര ചെയ്തതിനെ വിമര്‍ശിച്ചായിരുന്നു പ്രശാന്ത് ഭൂഷന്റെ ട്വീറ്റ്. ട്വീറ്റ് കോടതിയലക്ഷ്യമെന്ന് ചൂണ്ടിക്കാട്ടി അറ്റോര്‍ണി ജനറലിന് അഭിഭാഷകന് കത്ത് നല്കി.
മധ്യപ്രദേശ് കന്ഹ ദേശീയ ഉദ്യാനത്തിലേയ്ക്കും തുടര്‍ന്ന് നാഗ്പൂരിലേയ്ക്കും സന്ദര്‍ശനം നടത്താന്‍ ചീഫ് ജസ്റ്റിസിന് ഹെലികോപ്ടര്‍ നല്‍കിയതുമായി ബന്ധപ്പെട്ടായിരുന്നു പ്രശാന്ത് ഭൂഷന്റെ ട്വീറ്റ്. മധ്യപ്രദേശില്‍ എംഎല്‍എമാരെ അയോഗ്യരാക്കിയ സുപ്രധാന കേസ് പരിഗണനയില്‍ ഇരിക്കെയാണ് ചീഫ് ജസ്റ്റിസ് സംസ്ഥാനം സന്ദര്‍ശിക്കുന്നത്. മധ്യപ്രദേശ് സര്‍ക്കാരിന്റെ നിലനില്‍പ്പ് ഈ കേസിനെ ആശ്രയിച്ചിരിക്കും. ഈ കേസില്‍ അനുകൂലമായ വിധിന്യായത്തിന് പകരമായി സംസ്ഥാനത്തെ ബിജെപി സര്‍ക്കാരില്‍ നിന്ന് സിജെഐ സഹായം സ്വീകരിച്ചുവെന്നായിരുന്നു പ്രശാന്ത് ഭൂഷന്റെ ആരോപണം.
ഒക്ടോബര്‍ 17 മുതല്‍ ഒക്ടോബര്‍ 20 വരെ ഹെലികോപ്ടറില്‍ സിജെഐയ്ക്ക് യാത്രയ്ക്ക് ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്യണമെന്ന് മധ്യപ്രദേശിലെ സംസ്ഥാന പ്രോട്ടോക്കോള്‍ ഓഫീസര്‍ നല്കിയ ഉത്തരവിന്റെ പകര്‍പ്പും പ്രശാന്ത് ഭൂഷണ് ട്വീറ്റ് ചെയ്തിരുന്നു. സിജെഐയെ സംസ്ഥാന അതിഥിയായി പരിഗണിക്കുമെന്ന് ഉത്തരവില്‍ പറയുന്നു.