ജ്ഞാനപീഠ ജേതാവും മലയാളത്തിലെ മുതിര്‍ന്ന കവിയുമായ അക്കിത്തം അച്യുതന് നമ്പൂതിരിക്ക് അനുശോചനപ്രവാഹം. ഉദാത്ത മനുഷ്യസ്നേഹത്തിന്റെ മഹാകവിയായിരുന്നു അക്കിത്തമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അക്കിത്തത്തിന്റെ വേര്‍പാടില്‍ മുഖ്യമന്ത്രി അഗാധമായ ദു:ഖവും അനുശോചനവും പ്രകടിപ്പിച്ചു.
മഹാകവി അക്കിത്തം അച്യുതന് നമ്പൂതിരിയുടെ നിര്യാണത്തില്‍ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് അനുശോചിച്ചു. എട്ടുപതിറ്റാണ്ടത്തെ കാവ്യസപര്യക്കാണ് വിരാമമായത്. വിശ്വമാനവികതയുടെ സ്നേഹദര്‍ശനം കവിതയില്‍ ആവാഹിച്ച ഇതിഹാസമായിരുന്നു അദ്ദേഹം. മൂല്യാധിഷ്ഠിതമായ കാവ്യഭാവനയ്ക്ക് ഉടമ.മലയാള ഭാഷയുടെ സ്വകാര്യ അഹങ്കാരം കൂടിയാണ് നമ്മെ വിട്ടുപിരിയുന്നത്. കവിത, ചെറുകഥ, നാടകം, വിവര്‍ത്തനം, ലേഖനസമാഹാരം എന്നിവയുള്‍പ്പെടെ അന്‍പതോളം കൃതികള്‍ രചിച്ചു. അക്കിത്തത്തിന്റെ വേര്‍പാട് മലയാള സാഹിത്യലോകത്തിന് നികത്താന്‍ കഴിയാത്ത നഷ്ടമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
ജ്ഞാനപീഠ ജേതാവ് മഹാകവി അക്കിത്തം അച്യുതന് നമ്പുതിരിയുടെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അനുശോചിച്ചു. മാനവികതയുടെ മഹത് സൗന്ദര്യം നിറഞ്ഞു നില്ക്കുന്ന അത്യുജ്ജല രചനകള്‍ അയിരുന്നു അദ്ദേഹത്തിന്റേത്. മനുഷ്യ ദുഖങ്ങളും ജീവിത പ്രതിസന്ധികളും ഇത്രമേല്‍ മനോഹരമായി ആവിഷ്കരിച്ച കവികള്‍ മലയാളത്തില്‍ അധികം ഉണ്ടായിട്ടില്ല. ജ്ഞാനപീഡം ലഭിച്ചു മാസങ്ങള്‍ക്ക് ശേഷമാണു അദ്ദേഹം വിടവാങ്ങുന്നത്. അക്കിത്തത്തിന്റെ ദേഹവിയോഗത്തിലൂടെ മലയാള സാഹിത്യത്തിലെ ഒരു യുഗമാണ് അസ്തമിച്ചതെന്നും രമേശ് ചെന്നിത്തല അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
ജ്ഞാനപീഠം ജേതാവ് മഹാകവി അക്കിത്തം അച്യുതന് നമ്പൂതിരിപ്പാടിന്റെ നിര്യാണത്തില്‍ നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന് അനുശോചിച്ചു. കാലത്തെ അതിജീവിക്കുന്ന സാഹിത്യകാരനായിരുന്നു അദ്ദേഹം എന്നും നിയമസഭാ സ്പീക്കര്‍ അനുസ്മരിച്ചു. ജ്ഞാനപീഠം അവാര്‍ഡു ലഭിച്ച വാര്‍ത്ത വന്ന അന്നു തന്നെ സ്പീക്കര്‍ വസതിയിലെത്തി അക്കിത്തത്തെ സന്ദര്‍ശിച്ചിരുന്നു, സാഹിത്യപ്രേമികളുടെയും, അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടേയും ദു:ഖത്തില്‍ സ്പീക്കറും പങ്കു ചേര്‍ന്നു.
ഇതിഹാസ കവിയും ജ്ഞാനപീഠ കാരനുമായ മഹാകവി അക്കിത്തത്തിന്റെ വേര്‍പാട് കേരളത്തിനു മാത്രമല്ല, ഭാരതത്തിനാകമാനം തീരാ നഷ്ടമാണെന്ന് പി.പി.മുകുന്ദന്. ധന്യമായ കാവ്യജീവിതത്തിനുടമയായ അദ്ദേഹം വെറുപ്പിന്റെ തത്വ ശാസ്ത്രത്തിനെതിരായ നിലപാടുകള്‍ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞ മനുഷ്യ സ്നേഹിയായിരുന്നു. സംഘ പരിവാര്‍ പ്രസ്ഥാനത്തിന്റെ ആത്മ ബന്ധു കൂടിയായിരുന്നു അദ്ദേഹം. തിരുവനന്തപുരത്ത് ആര്.എസ്.എസ്.ന്റെ സംസ്ഥാന സമ്മേളനം നടക്കുമ്പോള്‍ പരംപൂജനീയ സര്‍സംഘചാലകിനൊപ്പം ചടങ്ങില്‍ അധ്യക്ഷനാവാന്‍ അദ്ദേഹത്തെ താന്‍ ക്ഷണിച്ചു. അന്ന് അദ്ദേഹം ചോദിച്ചത്, അകത്ത് വന്ന് സംഘത്തിന്റെ മേന്മകള് പറയുന്നതിലും ഗുണകരം പുറത്തു നിന്നു പറയുന്നതല്ലേ എന്നായിരുന്നു. അത് ശരിയുമായിരുന്നു. അക്കാലത്ത് സംഘത്തെപ്പറ്റി സമൂഹത്തിലുള്ള തെറ്റിദ്ധാരണ മാറ്റുന്നതിന് അക്കിത്തത്തെ പോലെയുള്ള മഹാത്മാക്കളുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ വളരെ സഹായകമായിട്ടുണ്ടെന്നും മുകുന്ദന് അനുസ്മരിച്ചു. ജ്ഞാന പ്രഭ ചൊരിഞ്ഞു നിന്ന പ്രകാശഗോപുരം പെട്ടെന്ന് അണഞ്ഞ പ്രതീതിയാണ് അക്കിത്തത്തിന്റെ വേര്‍പാട് സൃഷ്ടിച്ചിരിക്കുന്നത്.