ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടിയെ ആരും അപമാനിക്കുകയോ കയ്യേറ്റം നടത്തുകയോ ചെയ്തിട്ടില്ലെന്ന് പൊന്നാനിയിലെ ഹോട്ടലുടമ. ഹോട്ടലില്‍ വച്ച് ഒന്നും സംഭവിച്ചിട്ടില്ല. ഹോട്ടലിനു പുറത്ത് വച്ചും ഇങ്ങനെയൊരു സംഭവം ഉണ്ടായതായി അറിയില്ല. പരാതി അറിഞ്ഞത് രാവിലെയാണെന്നും ഹോട്ടലുടമ ഷക്കീര്‍ പറഞ്ഞു. ഹോട്ടലില്‍ സിസിടിവി പ്രവര്‍ത്തിക്കുന്നില്ലെന്നും ഉടമ പറഞ്ഞു.
പൊന്നാനിയില്‍ വെച്ച് ഭക്ഷണം കഴിക്കാന്‍ കയറിയപ്പോള്‍ ഒരു സംഘം അപമാനിക്കാന്‍ ശ്രമിച്ചു. ഇതിനു 45 മിനിറ്റിനു ശേഷം രണ്ടത്താണിയില്‍ വച്ച് ടോറസ് ലോറി രണ്ട് തവണ തന്റെ വാഹനത്തില്‍ ഇടിച്ചു. ഇതു രണ്ടും ആസൂത്രിതമായ ആക്രമണമാണ് എന്നായിരുന്നു അബ്ദുള്ളക്കുട്ടി ആരോപിച്ചത്. അപകടത്തിന് പിന്നില്‍ ഗൂഡാലോചനയുണ്ടെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് ആരോപിച്ചു. അക്രമത്തിനെതിരെ എല്ലാ പ്രധാന കേന്ദ്രങ്ങളിലും ഇന്ന് ബിജെപി പ്രതിഷേധം സംഘടിപ്പിക്കും.
തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേയ്ക്കുള്ള യാത്രക്കിടെ മലപ്പുറം രണ്ടത്താണിയിലാണ് അബ്ദുല്ലക്കുട്ടിയുടെ ഈ കാറിന് പിന്നില്‍ ലോറി വന്നിടിച്ചത്. കെ.എല്‍. 65 എം. 6145 എന്ന രജിസ്ട്രേഷന് നമ്പറിലുള്ള ലോറി ഡ്രൈവര്‍ ഉറങ്ങിപോയെന്നാണ് പറഞ്ഞത്. എന്നാലിത് സംശയാസ്പദമാണെന്നും അന്വേഷണം വേണമെന്നും അബ്ദുല്ലക്കുട്ടി ആവശ്യപ്പെട്ടു.
വെളിയങ്കോട് ഹോട്ടലില്‍ നിന്ന് ഇറങ്ങുമ്പോള്‍ രണ്ട് പേര് മനപ്പൂര്‍വ്വം പ്രശ്നമുണ്ടാക്കാനായി എത്തിയിരുന്നുവെന്നും അബ്ദുല്ലക്കുട്ടി പറഞ്ഞു. അപകടം ആസൂത്രിതമെന്ന് ബിജെപിയും പ്രതികരിച്ചു.
അതേസമയം, അബ്ദുല്ലക്കുട്ടിക്ക് ഭീഷണിയെന്ന പരാതിയില്‍ രണ്ട് പൊലീസ് സ്േറ്റഷനുകളില്‍ കേസ് എടുത്തു. വാഹനത്തില്‍ ലോറിയിടിച്ചതിന് കാടാമ്പുഴ പൊലീസ് കേസെടുത്തു. ഹോട്ടലില്‍ വച്ച് ഭീഷണിപ്പെടുത്തിയെന്നതിന് പൊന്നാനിയിലും കേസെടുത്തു.