റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് കൂറ്റന്‍ ജയം. 59 റണ്‍സിനാണ് ഡല്‍ഹി ബാംഗ്ലൂരിനെ കെട്ടു കെട്ടിച്ചത്. ജയത്തോടെ ഡല്‍ഹി പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്ത് എത്തി. 197 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ബാംഗ്ലൂരിന് നിശ്ചിത 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. 43 റണ്‍സെടുത്ത ക്യാപ്റ്റന്‍ വിരാട് കോലിയാണ് ബാംഗ്ലൂരിന്റെ ടോപ്പ് സ്കോറര്‍. ഡല്‍ഹി ബൗളര്‍മാരെല്ലാം നന്നായി പന്തെറിഞ്ഞു. കഗീസോ റബാഡ 4 വിക്കറ്റ് വീഴ്ത്തി.
കൂറ്റന്‍ വിജയലക്ഷ്യവുമായി ഇറങ്ങിയ ബാംഗ്ലൂരിന് മൂന്നാം ഓവറില്‍ തന്നെ ആദ്യ പ്രഹരമേറ്റു. മികച്ച ഫോമില്‍ കളിക്കുന്ന ഓപ്പണര്‍ ദേവ്ദത്ത് പടിക്കല്‍ (4) ആര് അശ്വിന്റെ പന്തില്‍ മാര്‍ക്കസ് സ്റ്റോയിനിസിനു പിടിനല്‍കി മടങ്ങി. ക്രീസില്‍ ഏറെ ബുദ്ധിമുട്ടിയ ഫിഞ്ചായിരുന്നു അടുത്ത ഇര. രണ്ടിലധികം തവണ ഫീല്‍ഡര്‍മാരില്‍ നിന്ന് രക്ഷപ്പെട്ട ഫിഞ്ച് (13) നാലാം ഓവറില്‍ മടങ്ങി. ഫിഞ്ചിനെ അക്സര്‍ പട്ടേലിന്റെ പന്തില്‍ ഋഷഭ് പന്ത് പിടികൂടുകയായിരുന്നു. ഡിവില്ല്യേഴ്സിനും അധികം ആയുസ് ഉണ്ടായില്ല. 9 റണ്‍സെടുത്ത ഡിവില്ല്യേഴ്സിനെ ആന്റിച് നോര്‍ജെയുടെ പന്തില്‍ ശിഖര്‍ ധവാന് കൈപ്പിടിയിലൊതുക്കി. മൊയീന്‍ അലി (11) അക്സര്‍ പട്ടേലിന്റെ പന്തില്‍ ഷിംറോണ്‍ ഹെട്മെയറിന്റെ കൈകളില്‍ അവസാനിച്ചു.
ഒരു വശത്ത് വിക്കറ്റുകള്‍ കടപുഴകുമ്പോളും പിടിച്ചു നിന്ന കോലിയും ഏറെ വൈകാതെ മടങ്ങി. ആവശ്യമായ റണ്‍ നിരക്ക് കുതിച്ചുയരുന്നതിന്റെ സമ്മര്‍ദ്ദത്തില്‍ കൂറ്റനടിക്ക് ശ്രമിച്ച കോലി ഋഷഭ് പന്തിനു ക്യാച്ച് നല്‍കിയാണ് മടങ്ങിയത്. 43 റണ്‍സെടുത്താണ് ആര്‍സിബി ക്യാപ്റ്റന്‍ മടങ്ങി. പിന്നെ എല്ലാം ചടങ്ങ് മാത്രമായിരുന്നു.
വാഷിംഗ്ടണ്‍ സുന്ദര്‍ (17), ശിവം ദുബേ (11), ഇസുരു ഉദാന (1) എന്നിവര്‍ റബാഡയ്ക്ക് മുന്നില്‍ കീഴടങ്ങി. സുന്ദറിനെ അശ്വിന് പിടികൂടിയപ്പോള്‍ ദുബേ ക്ലീന്‍ ബൗള്‍ഡായി. ഉദാനയെ (1) ശ്രേയാസ് അയ്യര്‍ പിടികൂടി. മുഹമ്മദ് സിറാജ് (5) നോര്‍ജെയ്ക്ക് മുന്നില്‍ ക്ലീന്‍ ബൗള്‍ഡായി. നവദീപ് സെയ്നി (11), യുസ്വേന്ദ്ര ചഹാല്‍ (0) എന്നിവര്‍ പുറത്താവാതെ നിന്നു.