ഡോക്ടര്‍മാരുടെ സമരം പിന്‍വലിച്ചു. ഒപി ബഹിഷ്കരണവും റിലേ സത്യാഗ്രഹവും പിന്‍വലിച്ചു. ഡോക്ടര്‍മാരുമായി ആരോഗ്യ മന്ത്രി കെ കെ ശൈലജ നടത്തിയ ചര്‍ച്ച വിജയമായതിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. മെഡിക്കല്‍ കോളജില്‍ രോഗിയുടെ ദേഹത്ത് പുഴുവരിച്ച സംഭവത്തെ തുടര്‍ന്ന് ആരോഗ്യ പ്രവര്‍ത്തകരെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഇത് കാരണമായിരുന്നു ഡോക്ടര്‍മാര്‍ സമരം ചെയ്തിരുന്നത്. സമരം പിന്‍വലിച്ചെന്ന് കെജിഎംസിടിഎ വ്യക്തമാക്കി.
ലോകത്തിന് തന്നെ മാതൃകയാണ് സംസ്ഥാനത്തെ ആരോഗ്യ വകുപ്പും പ്രവര്‍ത്തകരുമെന്ന് മന്ത്രി. എല്ലാവരും ചെയ്യുന്നത് മഹാത്യാഗമാണെന്നും ഇരട്ടി ജോലിയാണ് എല്ലാവരും ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു. ഒറ്റപ്പെട്ട സംഭവങ്ങള്‍ മുന്‍നിര്‍ത്തി കേരളത്തിന്റെ ആരോഗ്യ വകുപ്പ് ആകെ പുഴുക്കുത്തേറ്റിരിക്കുന്നു എന്ന് പറയാന്‍ മടിക്കാത്ത ചിലരുണ്ടെന്നും അത് സങ്കടകരമാണെന്നും മന്ത്രി.
രോഗിയുടെ മുറിവ് അന്ന് വൃത്തിയാക്കാന്‍ സാധിച്ചിരുന്നില്ലെന്നും മന്ത്രി പറഞ്ഞു. ഡിഎംഇ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉചിതമായ നടപടിയെടുക്കും. സസ്പെന്ഷന് നടപടി പുനഃപരിശോധിക്കും. ഇത് ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി. ചെറിയ കാര്യങ്ങളെ പര്‍വ്വതീകരിക്കരുതെന്നും കെകെ ശൈലജ.