ലൈഫ് മിഷന്റെ വടക്കാഞ്ചേരിയിലെ വിവാദമായ ഭവനനിര്‍മാണപദ്ധതിയുടെ നിര്‍മാണക്കരാര്‍ ലഭിച്ച യൂണിടാക് ബില്‍ഡേഴ്സിന്റെ എംഡി സന്തോഷ് ഈപ്പനെതിരെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അപകീര്‍ത്തിക്കേസ് ഫയല്‍ ചെയ്തു. സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ നിര്‍ദേശപ്രകാരം, യുഎഇ കോണ്‍സുലേറ്റിന്റെ പരിപാടിയ്ക്കിടെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്ക് നല്കാന് ഐഫോണ്‍ വാങ്ങി നല്‍കിയെന്ന് സന്തോഷ് ഈപ്പന് ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയില്‍ പരാമര്‍ശിച്ചിരുന്നു.
അതേസമയം സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് തനിക്ക് ഐഫോണ്‍ നല്‍കിയെന്ന സന്തോഷ് ഈപ്പന്റെ ആരോപണത്തിന് പിന്നില്‍ സി.പി.എമ്മെന്ന് പ്രതിപക്ഷനേതാവ്. സന്തോഷ് ഈപ്പനും കോടിയേരിയും തമ്മിലുള്ള കൂട്ടുകെട്ടാണ് ആരോപണത്തിന് പിന്നില്‍. ഹൈക്കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തിലുള്ള പരാമര്‍ശം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സന്തോഷ് ഈപ്പന് അയച്ച വക്കീല്‍ നോട്ടീസിലാണ് ചെന്നിത്തല ഇക്കാര്യങ്ങള്‍ അറിയിച്ചത്. പരാമര്‍ശത്തില്‍ ഖേദപ്രകടനം നടത്തണമെന്നും ഇല്ലെങ്കില്‍ ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും നോട്ടീസില്‍ പറയുന്നു.
ഐഫോണ്‍ ആര്‍ക്കാണ് നല്‍കിയതെന്ന് കണ്ടെത്തുന്നത് വരെ പോരാടുമെന്ന് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. എല്ലാ ആരോപണങ്ങളും വസ്തുതാവിരുദ്ധമാണ്. രണ്ടാഴ്ചയ്ക്കകം ഈ പരാമര്‍ശം പിന്‍വലിച്ച് സന്തോഷ് ഈപ്പന് മാപ്പ് പറയണം. മൂന്ന് പ്രമുഖ മാധ്യമങ്ങളിലൂടെയെങ്കിലും ഈ മാപ്പപേക്ഷ സംപ്രേഷണം ചെയ്യുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്യണം. അതല്ലെങ്കില്‍ നഷ്ടപരിഹാരമായി ഒരു കോടി രൂപ നല്‍കണമെന്നും ചെന്നിത്തല ആവശ്യപ്പെടുന്നു. ഹൈക്കോടതിയില്‍ സന്തോഷ് ഈപ്പന് നല്‍കിയിരിക്കുന്ന ഹര്‍ജി തിരുത്തി പുതിയ സത്യവാങ്മൂലം നല്‍കണം. പ്രതിപക്ഷനേതാവിനെതിരെ ഉന്നയിച്ച ആരോപണം തെറ്റെന്ന് ബോധ്യപ്പെട്ടെന്ന് അതില്‍ എഴുതണം. മുന്‍ അഡ്വക്കറ്റ് ജനറലായിരുന്ന അഡ്വ. ടി ആസഫലി വഴിയാണ് ഈ വക്കീല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്.
തനിക്കെതിരായ ആരോപണങ്ങള്‍ക്ക് പിന്നില്‍ സിപിഎമ്മാണെന്ന് ചെന്നിത്തല തുറന്നടിക്കുന്നു. സിപിഎമ്മിനെ പ്രീതിപ്പെടുത്തി, സിബിഐ അന്വേഷണത്തില്‍ നിന്ന് രക്ഷപ്പെടാനാണ് സന്തോഷ് ഈപ്പന് ശ്രമിക്കുന്നത്. സന്തോഷ് ഈപ്പന്റെ ആരോപണങ്ങള്‍ സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ഏറ്റുപിടിച്ചത് അതിന്റെ തെളിവാണ്. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ അതില്‍ നമ്പറിടുന്നതിന് മുമ്പേ, അതിലെ ഉള്ളടക്കം സിപിഎം കേന്ദ്രങ്ങള്‍ വഴിയാണ് പുറത്തുവന്നത്. സിപിഎം സംസ്ഥാനസെക്രട്ടറി ഇതേ കാര്യം ഫേസ്ബുക്ക് പോസ്റ്റില്‍ ഉന്നയിക്കുകയും ചെയ്തു. ഇത് സിപിഎമ്മും സന്തോഷ് ഈപ്പനും തമ്മിലുള്ള ഒത്തുകളി തെളിയിക്കുന്നതാണ്.
സന്തോഷ് ഈപ്പന്റെ ഹര്‍ജി ഇനി ഒക്ടോബര്‍ എട്ടിന് ലൈഫ് മിഷന് നല്കിയ ഹര്‍ജിക്കൊപ്പമാണ് പരിഗണിക്കുക. അന്നത്തേക്ക് സന്തോഷ് ഈപ്പന് ഈ പരാമര്‍ശങ്ങള്‍ മാറ്റാന്‍ തയ്യാറാകുമോ എന്ന് കണ്ടറിയേണ്ടതുണ്ട്.