കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ ആറ് ദിവസത്തെ ശമ്പളം മാറ്റിവയ്ക്കാനുള്ള തീരുമാനത്തെ എതിർക്കുന്ന സർവീസ് സംഘടനകളുടെ നിലപാട് പൊതു സമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് എ ഐ വൈ എഫ് സംസ്ഥാന കമ്മിറ്റി പ്രസ്ഥാവനയിൽ പറഞ്ഞു.
ചരിത്രത്തിൽ ഇല്ലാത്ത ദുരന്തത്തെയാണ് നാട് അഭിമുഖീകരിക്കുന്നത്. എല്ലാ മേഖലകളും കടുത്ത തകർച്ചയിലാണ്. സമൂഹത്തിലെ മഹാ ഭൂരിപക്ഷം വരുന്ന സാധാരണക്കാർ ജീവിക്കാൻ നിർവാഹമില്ലാത്ത അവസ്ഥയിലാണ്. ഈ സാഹചര്യത്തിലും ജീവിതസുരക്ഷിതത്വമുള്ള വിഭാഗമാണ് സർക്കാർ ജീവനക്കാർ. ഏതാണ്ട് ആറ് മാസക്കാലമായി സർക്കാർ ജീവനക്കാരും അധ്യാപകരും ഉൾപ്പടെയുള്ള വലിയ വിഭാഗം ജോലിക്ക് ഹാജരാകേണ്ട സാഹചര്യമുണ്ടായിരുന്നില്ല. കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ മുന്നിൽ നിൽക്കുന്ന ഒരു വിഭാഗം ജീവനക്കാർ മാത്രമാണ് ഇക്കാലയളവിൽ വിശ്രമമില്ലാത്ത പ്രവർത്തനം നടത്തിയവർ.എന്നാൽ മുഴുവൻ ജീവനക്കാർക്കും സർക്കാർ കൃത്യമായി ശമ്പളം നൽകുന്നുണ്ട്. അതിൽ നിന്ന് നിശ്ചിത തുക കടമായി നൽകാനുള്ള സർക്കാർ അഭ്യർത്ഥനക്കെതിരെയാണ് ഇവർ പ്രതിഷേധവുമായി രംഗത്തുവരുന്നത്. മാറ്റിവച്ച ശമ്പള തുക പി.എഫിൽ ലയിപ്പിക്കുമെന്നും അടുത്തവർഷം ജൂൺ മുതൽ തിരിച്ചെടുക്കാമെന്നും സർക്കാർ പ്രഖ്യാപിച്ച് കഴിഞ്ഞു. അതുവരെ ഒൻപത് ശതമാനം പലിശ നൽകമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ത്യയിലെ പലസംസ്ഥാനങ്ങളും ശമ്പളം വെട്ടിക്കുറക്കുമ്പോഴാണ് കേരളത്തിൽ ഉയർന്ന പലിശ ചേർത്ത് ശമ്പളം തിരികെ നൽകുമെന്ന തീരുമാനം. കൊവിഡ് കാലത്ത് ജീവിതം സമ്പൂർണമായി തകർന്നു പോയ മഹാഭൂരിപക്ഷം വരുന്ന ജനതയുടെ മുന്നിലാണ് സർക്കാർ ജീവനക്കാർക്ക് ഈ പരിധിയില്ലാത്ത പരിരക്ഷ. സംസ്ഥാനം കടുത്ത സാമ്പത്തീക ദുരിതമനുഭവിക്കുമ്പോൾ അതിന്റെ ഒരു ചെറിയ ഭാഗം പോലും തങ്ങൾക്ക് അനുഭവിക്കാനാകില്ല എന്ന നിലപാട് പരിഹാസ്യമാണ്. സർവ്വീസ് സംഘടനകളുടെ ഈ നിലപാട് സാമൂഹ്യ പ്രതിബദ്ധത ഇല്ലാത്തതാണെന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് ആർ.സജിലാലും സെക്രട്ടറി മഹേഷ് കക്കത്തും പ്രസ്താവനയിൽ പറഞ്ഞു.