മലയോരത്തെ പ്രധാന മലഞ്ചരക്ക് വ്യാപാരകേന്ദ്രമായ പനച്ചമൂട് ഗ്രാമീണ ചന്തയെ ഹൈടെക്ക് ആക്കാനുള്ള നടപടികള്‍ തുടങ്ങി. ചന്തയുടെ നവീകരണത്തിനായി 20 കോടി രൂപയുടെ മാസ്റ്റർ പ്ലാനാണ് സമർപ്പിച്ചത് ഒന്നാംഘട്ടം പ്രവർത്തനങ്ങൾക്കായി 5 കോടി രൂപയുടെ അനുമതി ലഭിച്ചു ടെൻഡർ നടപടികൾ പൂർത്തിയാക്കി. കിഫ്ബിയുടെ ധനസഹായത്തോടുകൂടിയാണ് പദ്ധതിയുടെ നിർവഹണം.
വിദേശ രാജ്യത്തെ മാര്‍ക്കറ്റുകള്‍ക്കു സമാനമായ തരത്തിലായിരിക്കും നവീകരണം. തീരദേശ വികസന കേര്പ്പറേഷനാണ് നിര്‍മാണച്ചുമതല.
ഒരേക്കറോളം വരുന്ന ചന്തയില്‍ എസ്കലേറ്റര്‍ സംവിധാനമുള്ള രണ്ടുനിലക്കെട്ടിട പണിയും. മുകളിലെത്തെ നിലയില്‍ മത്സ്യ, മാംസ കച്ചവടം, പച്ചക്കറി, മറ്റ് ഉത്പന്നങ്ങളുടെ വിപണനം എന്നിവയ്ക്കായി വെവ്വേറെ യൂണിറ്റുകള്‍ സജ്ജമാക്കും. ഇവ കേടുകൂടാതെ സൂക്ഷിക്കാന്‍ ശീതീകരണ സംവിധാനവുമൊരുക്കും. സമ്പൂര്‍ണ ശുചിത്വ പരിപാലനത്തിനായി മാലിന്യ സംസ്കരണ യുണിറ്റ് ചന്തയ്ക്കുള്ളില്‍ തന്നെ നിര്‍മിക്കും. മലിനജലം ഒഴുകിപ്പോകാനുള്ള സൗകര്യങ്ങള്‍ക്കായി ആധുനിക രീതിയിലുള്ള സംവിധാനങ്ങളും ആവിഷ്കരിക്കും. വൈദ്യുതീകരണത്തിനായി നിലവാരമുള്ള സോളാര്‍ പാനലുകള്‍ സ്ഥാപിക്കും. കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ പ്രത്യേകസ്ഥലം കണ്ടെത്തി വാഹന പാര്‍ക്കിങ്ങിനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. കൂടാതെ ലഘുഭക്ഷണശാലകള്‍ തുടങ്ങാനുള്ള സംവിധാനവുമുണ്ടാക്കും.