പെരുമ്പാവൂർ : കല്ലിൽ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ നിർമ്മിക്കുന്ന പുതിയ അക്കാദമിക്ക് ബ്ലോക്കുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ഓൺലൈൻ വഴി ഉദ്ഘാടനം ചെയ്തു തുടക്കമിട്ടു. അഡ്വ. എൽദോസ് കുന്നപ്പിള്ളി എംഎൽഎ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
14452 ചതുരശ്രയടി ചുറ്റയളവ് വരുന്ന 2 അക്കാദമിക്ക് ബ്ലോക്കുകളാണ് കല്ലിൽ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ നിർമ്മിക്കുന്നത്. 1912 ൽ എൽ.പി സ്കൂളായി തുടക്കമിട്ട വിദ്യാലയം 1955 ൽ യു.പി സ്കൂൾ ആയി ഉയർത്തപ്പെട്ടു. 1984 ൽ ഹൈസ്കൂൾ ആയി മാറിയ കല്ലിൽ ഹയർസെക്കൻഡറി സ്കൂളിൽ 2004 ൽ പ്ലസ് ടു ബാച്ച് അനുവദിച്ചു. എൽദോസ് കുന്നപ്പിള്ളി എംഎൽഎ ശുപാർശ ചെയ്തതിനെ തുടർന്ന് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൽ ഉൾപ്പെടുത്തി 3 കോടി രൂപയാണ് സംസ്ഥാന സർക്കാർ പുതിയ കെട്ടിടത്തിനായി അനുവദിച്ചത്.
ഒന്നാമത്തെ ബ്ലോക്കിൽ 3 നിലകളിലായി 9 ക്ലാസ്സ് മുറികളും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ആവശ്യമായ ശുചിമുറി സൗകര്യങ്ങളുമാണ് നിർമ്മിക്കുന്നത്. രണ്ടാമത്തെ ബ്ലോക്കിൽ ആദ്യത്തെ രണ്ട് നിലകളിലായി 6 ക്ലാസ് മുറികളും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ആവശ്യമായ ശുചിമുറി സൗകര്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. മൂന്നാമത്തെ നിലയിൽ ലൈബ്രറി, ലബോറട്ടറി സൗകര്യങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. 707 വിദ്യാർത്ഥികളാണ് ഇവിടെ പഠിക്കുന്നത്. നിലവിലുള്ള കെട്ടിടങ്ങൾ പൊളിച്ചു മാറ്റുന്ന പ്രവൃത്തി പൂർത്തീകരിച്ചു. ഇൻകെൽ ആണ് നിർമ്മാണ ചുമതല ഏറ്റെടുത്തിരിക്കുന്നത്.
പി.ടി.എ പ്രസിഡന്റ് വി.പി സലിം ചടങ്ങിൽ സ്വാഗതം ആശംസിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ഗോപാലകൃഷ്ണൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.എം സലിം, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് മൂത്തേടൻ, ബ്ലോക്ക് പഞ്ചായത്തംഗം പ്രീത സുകു, പഞ്ചായത്തംഗങ്ങളായ ബിന്ദു പ്രസന്നൻ, ബിന്ദു ബെസി, അമ്പിളി രാജൻ, അസി. വിദ്യാഭ്യാസ ഓഫീസർ വി. രമ, മുൻ പഞ്ചായത്ത് പ്രസിഡന്റ് വി.പി ശശീന്ദ്രൻ, ജിജു ജോസഫ്, പ്രിൻസിപ്പാൾ പത്മ ആർ, ഹെഡ്മാസ്റ്റർ സതീഷ് കുമാർ, ബി.ആർ.സി കോർഡിനേറ്റർ കൃഷ്ണകുമാർ പി.കെ, ബിജു പി.സി, പുഷ്പനന്ദൻ എന്നിവർ സംസാരിച്ചു.