രാഷ്ട്രീയ പാര്‍ട്ടി നേതൃത്വങ്ങള്‍ ദുരഭിമാനം വെടിഞ്ഞ് ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കാന്‍ തീരുമാനമെടുക്കണമെന്ന് കെപിസിസി മാധ്യമ വക്താവ് അഡ്വ. അനില്‍ ബോസ്. വളരെ പരിമിതമായ സമയത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്ന എം.എല്‍ എ ആരായാലും സത്യപ്രതിജ്ഞയ്ക്കപ്പുറം ഒന്നും ചെയ്യാനാകാത്ത സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് ഒഴിവാക്കണമെന്നും അദ്ദേഹം പറയുന്നു. ഇത് സംബന്ധിച്ച് സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയും വര്‍ക്കിംഗ് കമ്മിറ്റി അംഗവുമായ കെ സി വേണുഗോപാലടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ക്കും സംസ്ഥാന മുഖ്യമന്ത്രിക്കും അനില്‍ ബോസ് കത്ത് നല്കി.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ:
ഇന്ത്യയിലെ 64 ഇടങ്ങളില്‍ നിയമസഭ ഉപതെരഞ്ഞെടുപ്പുകള്‍ കേന്ദ്ര ഇലക്ഷന് കമ്മീഷന് പ്രഖ്യാപിച്ചിരുന്നു…..
കേരളത്തില്‍ രണ്ടിടങ്ങളില്‍ ആണ് തെരഞ്ഞെടുപ്പ് നടക്കുന്നത്
കുട്ടനാട് ,ചവറ
………………………..
വളരെ പരിമിതമായ സമയത്തേക്ക് മാത്രമാണ് കേരളത്തിലെ തെരഞ്ഞെടുപ്പ് എന്നത് മറ്റ് മണ്ഡലങ്ങളില്‍ നിന്ന് കേരളത്തെ വ്യത്യസ്തമാക്കുന്നു. അതുകൊണ്ട് തന്നെ രാഷ്ട്രീയം ഉള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും ഇത് ഉള്‍ക്കൊള്ളാന്‍ ആയിട്ടില്ല. നിയമപരമായി തിരഞ്ഞെടുപ്പ് നടന്നാല്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് അതില്‍ നിന്ന് ഒഴിഞ്ഞു നില്ക്കാന് കഴിയില്ല.
എങ്കിലും സര്‍ക്കാര്‍ മുന്‍കൈയെടുത്ത് സര്‍വ്വകക്ഷി യോഗം വിളിച്ചിട്ടുണ്ട് എന്നാണ് മനസ്സിലാക്കാന്‍ ആയിട്ടുള്ളത്. തെരഞ്ഞെടുക്കപ്പെടുന്ന എം.എല്‍ എ ആരായാലും സത്യപ്രതിജ്ഞയ്ക്കപ്പുറം ഒന്നും ചെയ്യാനാകാത്ത സാഹചര്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടി നേതൃത്വങ്ങള്‍ ദുരഭിമാനം വെടിഞ്ഞ് ജനഹിതം മനസ്സിലാക്കി തെരഞ്ഞെടുപ്പ് ഒഴിവാക്കാന്‍ തീരുമാനമെടുക്കണം എന്നാണ് ഒരു പൊതുപ്രവര്ത്തകന് എന്ന നിലയില്‍ എന്റെ അഭിപ്രായം.
കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഒരു ഉത്തരവാദിത്തപ്പെട്ട പ്രവര്ത്തകന് ആയതുകൊണ്ട് ഈ നിലപാട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് ,മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി , സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയും വര്‍ക്കിംഗ് കമ്മിറ്റി അംഗവുമായ കെ സി വേണുഗോപാല്‍, കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മറ്റി അംഗം എ കെ ആന്റണി എന്നിവരെ അറിയിച്ചിട്ടുണ്ട് . ബഹു: കേരള മുഖ്യമന്ത്രിയോടും സര്‍ക്കാരിനോടും ഇതേ ആവശ്യം ഉന്നയിക്കുകയാണ്. എല്ലാ രാഷ്ട്രീയപാര്‍ട്ടികളും പൊതുജന അഭിപ്രായത്തിനൊപ്പം ഉയരണം .
NB : തെരഞ്ഞെടുപ്പ് അത്യന്താപേക്ഷിതമായി മാറിയാല്‍ പാര്‍ട്ടികള്‍ക്ക് ഒഴിഞ്ഞുമാറാന്‍ കഴിയില്ല നമുക്കും അതിന്റെ ഭാഗമായേ പറ്റൂ, ഇന്നത്തെ രാഷ്ട്രീയ സാഹചര്യം ഐക്യജനാധിപത്യമുന്നണി അനുകൂലമാണ്. ചവറയില്‍ ഷിബുബേബിജോണ്‍ സ്ഥാനാര്‍ത്ഥിയായി പോരാട്ടത്തിന് സജ്ജമാണ്. കുട്ടനാട് ഐക്യജനാധിപത്യമുന്നണി സീറ്റ് കേരള കോണ്‍ഗ്രസിന് ആണെങ്കില്‍ സ്ഥാനാര്‍ത്ഥിയെ അവര്‍ തീരുമാനിക്കും. അവരുടെ നിര്‍ദ്ദേശം യുഡിഎഫ് അംഗീകരിക്കും. അതാണല്ലോ കീഴ്വഴക്കം.
തെരഞ്ഞെടുപ്പ് നടക്കുന്നുവെങ്കില്‍ കോണ്‍ഗ്രസ് പാര്‍ട്ടി സീറ്റ് ഏറ്റെടുക്കണമെന്നുള്ള പൊതുവികാരം പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. പാര്‍ട്ടിയും മുന്നണിയും പക്വതയാര്‍ന്ന തീരുമാനം കൈക്കൊള്ളും, തീരുമാനം എന്തായാലും അത് അംഗീകരിക്കുക എന്നുള്ളതാണ് സംഘടനാ സംവിധാനത്തിന്റെ ഭാഗമായി നില്ക്കുന്നവരുടെ കടമ. പാര്‍ട്ടിയില്‍ ഉത്തരവാദിത്വം ഉള്ളവര്‍ തെറ്റിദ്ധാരണാജനകമായ പ്രചരണങ്ങള്‍ക്ക് നേതൃത്വം നല്‍കരുത്. വിഭാഗീയതയ്ക്ക് ഇടയാക്കുന്ന സാഹചര്യങ്ങളില്‍ പങ്കാളി ആകരുത് എന്നു കൂടി അഭ്യര്‍ത്ഥിക്കുന്നു.
അഡ്വ.അനില്‍ ബോസ് ,കെ.പി.സി.സി. മാധ്യമ സമിതിയംഗം