തിരുവനന്തപുരം: അടൂരില്‍ കോവിഡ് രോഗിയായ സ്ത്രീയെ ചികില്‍സാ കേന്ദ്രത്തിലേക്ക് കൊണ്ടുപോകും വഴി ആംബുലന്‍സ് ഡ്രൈവര്‍ പീഡിപ്പിച്ച വാര്‍ത്ത കേരളത്തെ ഞെട്ടിപ്പിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ആരോഗ്യ വകുപ്പിന്റെ ഭാഗത്ത് നിന്നുള്ള കടുത്ത വീഴ്ചയാണ്. യാതൊരു ഉത്തരവാദിത്വവുമില്ലാതെ ഇവരെ ആംബുലന്‍സ് ഡ്രൈവറോടൊപ്പം പറഞ്ഞ് വിട്ട ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ തന്നെയാണ് ഇതിന് ഉത്തരവാദികള്‍. ഇവര്‍ക്കെതിരെ ഉന്നതല അന്വേഷണം വേണമെന്നും കുറ്റവാളികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കേരളത്തില്‍ ഇത്തരത്തിലുണ്ടായത് സംസ്ഥാനത്തിനാകെ അപമാനകരമാണ്. അത് കൊണ്ട് ഇക്കാര്യത്തില്‍ ഒരു ഉന്നതതല അന്വേഷണം വേണമെന്നും രമേശ് ചെന്നിത്തല സര്‍ക്കാരിനോടാവശ്യപ്പെട്ടു. ഈ ആംബുലന്‍സ് ഡ്രൈവര്‍ കൊലക്കേസ് പ്രതിയാണെന്ന് പൊലീസ് പറയുന്നു. കൊലക്കേസ് പ്രതിയെങ്ങനെ ആംബുലന്‍സ് ഡ്രൈവര്‍ ആയി എന്നും ഇയാളെ ആരാണ് നിയമിച്ചതെന്നും അന്വേഷിക്കേണ്ടതാണ്. ഡ്രൈവറാക്കി വച്ചപ്പോള്‍ ഇയാളുടെ ക്രിമനല്‍ പശ്ചാത്തലം എന്തുകൊണ്ട് പരിശോധിച്ചില്ലെന്നും രമേശ് ചെന്നിത്തല ചോദിച്ചു. കോവിഡ് സ്ഥിരീകരിച്ച രോഗിയെ ആംബുലന്‍സിന്റെ ഡ്രൈവറോടൊപ്പമാണോ കൊണ്ടു പോകേണ്ടത്. ആരോഗ്യ പ്രവര്‍ത്തകര്‍ എന്തുകൊണ്ട് കൂടെയുണ്ടായില്ല. രോഗികള്‍ രണ്ടു പേരും സ്ത്രീകളാണെന്നിരിക്കെ സ്ത്രീകളായ ആരോഗ്യ പ്രവര്‍ത്തകര്‍ അവരോടൊപ്പം ഉണ്ടാകേണ്ടതായിരുന്നു. തലയിണയ്ക്കടിയില്‍ വാക്കത്തിയും വച്ച് ഒരു സ്ത്രീക്കും ഉറങ്ങേണ്ടിവരില്ലെന്ന് ഉറപ്പു നല്‍കിക്കൊണ്ടാണ് പിണറായി വിജയന് അധികാരത്തില്‍ വന്നത്. എന്നിട്ടിപ്പോള്‍ സ്ത്രീകള്‍ക്ക് ആംബുലന്‍സില്‍ പോലും രക്ഷയില്ലാത്ത ഗുരുതരമായ അവസ്ഥയാണ് കേരളത്തില്‍ സംജാതമായിരിക്കുന്നതെന്നും ഇതിന് സര്‍ക്കാര്‍ സമാധാനം പറയണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.