ബംഗളൂരു ലഹരിമരുന്ന് കേസില്‍ നടി രാഗിണി ദ്വിവേദിയെ കസ്റ്റഡിയിലെടുത്തു. യെലഹങ്കയിലെ ഫ്ലാറ്റില്‍ നിന്നാണ് സെന്‍ട്രല്‍ കൈംബ്രാഞ്ച് പിടികൂടിയത്. രാവിലെ രാഗിണിയുടെ ഫ്ലാറ്റില്‍ റെയ്ഡ് നടത്തിയിരുന്നു. കേസില്‍ നടി രാഗിണിയുടെ സുഹൃത്ത് രവി ശങ്കര്‍ അറസ്റ്റിലായിരുന്നു. ഇയാള്‍ക്ക് ലഹരിമാഫിയയുമായി അടുത്ത ബന്ധമുണ്ടെന്നാണ് സെന്‍ട്രല്‍ ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തല്‍. കന്നഡ ചലച്ചിത്ര മേഖലയുമായി ബന്ധമുള്ള മറ്റൊരാളും അറസ്റ്റിലായതായി സൂചനയുണ്ട്. നടിയും മോഡലുമായ സഞ്ജന ഗല്‍റാണിയുടെ സഹായി രാഹുലാണിതെന്നാണ് സൂചന. എന്നാല്‍ ഇത് സംബന്ധിച്ച വിവരങ്ങള്‍ ക്രൈം ബ്രാഞ്ച് പുറത്തുവിട്ടിട്ടില്ല.
അതേസമയം ആരോപണങ്ങളില്‍ അര്‍ഥമില്ലെന്നും, ലഹരിമാഫിയയുമായി യാതൊരു ബന്ധവുമില്ലെന്നും രാഗിണി ട്വിറ്ററില്‍ കുറിച്ചു. കന്നഡ സിനിമ മേഖലയിലെ 12ഓളം പ്രമുഖര്‍ക്ക് കൂടി നോട്ടീസ് അയച്ചേക്കുമെന്നാണ് സൂചന. ഇന്ദ്രജിത്ത് ലങ്കേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണിത്. കുറ്റക്കാരായി കണ്ടെത്തുന്നവര്‍ എത്ര ഉന്നതരായാലും ശിക്ഷിക്കപ്പെടുമെന്നും ലഹരി ഉപയോഗം തുടച്ചു നീക്കാന്‍ ശക്തമായ നടപടികള്‍ കൈക്കൊള്ളുമെന്നും കര്‍ണാടക ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു.
അതേസമയം കമ്മന ഹള്ളിയിലെ ഹോട്ടലിന്റെ മറവിലാണ് ലഹരി ഇടപാടുകള്‍ നടത്തിയിരുന്നതെന്നു അനൂപ് മൊഴി നല്കി. ഇയാളുടെ സാമ്പത്തിക സ്രോതസുകളെ പറ്റിയും ക്രൈം ബ്രാഞ്ച് അന്വേഷിച്ചേക്കും. എന്നാല്‍ സ്വര്‍ണക്കടത്തുകേസിലെ പ്രതികളുമായി ഇവര്‍ക്ക് ബന്ധമുള്ളതിന് ഇതുവരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ല.