ബംഗളൂരുവില്‍ പിടിയിലായ ലഹരി സംഘവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനീഷ് കോടിയേരിക്ക് ബന്ധമുണ്ടെന്ന ആരോപണവുമായി യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ്. പ്രതിയായ അനൂപ് മുഹമ്മദിന് വേണ്ടി പണം മുടക്കുന്നത് ബിനീഷാണെന്നും ഫിറോസ് ആരോപിച്ചു.
മയക്കുമരുന്ന് മാഫിയക്ക് വേണ്ടി പണം മുടക്കിയത് ബിനീഷ് കോടിയേരിയാണെന്ന് ഫിറോസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കച്ചവട കേന്ദ്രമായി പ്രവര്‍ത്തിച്ച ഹോട്ടലില്‍ ബിനീഷ് കോടിയേരി നിത്യ സന്ദര്‍ശകനാണ്. അനൂപ് മുഹമ്മദ് നര്‍കോട്ടിക് ബ്യൂറോയ്ക്ക് നല്കിയ മൊഴിയും പി കെ ഫിറോസ് പുറത്തുവിട്ടു. കഴിഞ്ഞയാഴ്ചയാണ് ബംഗളൂരുവില്‍ ലഹരിമരുന്ന് സംഘം പിടിയിലായത്. അനൂപ് മുഹമ്മദിന് ബിനീഷുമായി അടുത്ത ബന്ധമാണുള്ളത്. അനൂപ് മുഹമ്മദ് കുമരകത്ത് ലഹരി നിശാ പാര്‍ട്ടി നടത്തിയെന്നും ഇക്കാര്യത്തില്‍ ഇക്കാര്യത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നും ഫിറോസ് ആവശ്യപ്പെട്ടു.
ലോക്ക്ഡൗണിനിടെ ജൂണ്‍ 19നായിരുന്നു നിശാ പാര്‍ട്ടി. ഈ സംഘത്തിന് സിനിമ മേഖലയുമായും അടുത്ത ബന്ധമുണ്ട്. ഈ പാര്‍ട്ടിയില്‍ ബിനീഷ് കോടിയേരി പങ്കെടുത്തുവെന്നും ഫിറോസ് ആരോപിച്ചു. ജൂലൈ 10നു നിരവധി തവണ ബിനീഷ് അനൂപിനെ വിളിച്ചു. അന്നാണ് സ്വപ്ന ബംഗളൂരുവില്‍ അറസ്റ്റിലായത്. 26 തവണയാണ് ബിനീഷ് അനൂപിനെ വിളിച്ചിട്ടുള്ളത്.
ബിനീഷ് ചതിക്കപ്പെട്ടു എങ്കില്‍ അത് അദ്ദേഹം പറയണമെന്നും ഫിറോസ് കൂട്ടിച്ചേര്‍ത്തു. ലഹരി കടത്തുകേസില്‍ അറസ്റ്റിലായ പ്രതികളില്‍ പലര്‍ക്കും സ്വര്‍ണ്ണകടത്തു പ്രതികളുമായി ബന്ധമുണ്ട്. ഫോണ്‍ രേഖകള്‍ പിന്നീട് പുറത്തുവിടുമെന്നും ഈ കേസിന്റെ അന്വേഷണം കേരളത്തിലേക്ക് എത്തിരിക്കാന്‍ ശ്രമം നടക്കുന്നുവെന്നും ഫിറോസ് പറഞ്ഞു.
ഹോട്ടല്‍ തുടങ്ങാന്‍ ബിനീഷ് പണം നല്‍കിയെന്ന് അനൂപിന്റെ മൊഴി ഉണ്ടായിരുന്നു. ആന്റി നാര്‍കോട്ടിക്ക് വിഭാഗത്തിന് നല്കിയ മൊഴിയിലാണ് ബിനീഷിനെക്കുറിച്ച് പരാമര്‍ശം. കേരളത്തിലെ ചില സിനിമാ താരങ്ങള്‍ക്കും മയക്കുമരുന്ന് സംഘവുമായി ബന്ധമുണ്ടെന്നും ഫിറോസ് ആരോപിച്ചു.