വെഞ്ഞാറമൂട്ടില്‍ രണ്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ കൊന്ന കേസിലെ പ്രതികള്‍ക്ക് അടൂര്‍ പ്രകാശ് എം.പിയുമായി ബന്ധമുണ്ടെന്ന് മന്ത്രി ഇ.പി. ജയരാജന്. കൊലപാതകത്തിന് ശേഷം പ്രതികള്‍ അടൂര്‍ പ്രകാശിനെ വിളിച്ചിരുന്നുവെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. കൊല്ലപ്പെട്ട ഡിവൈഎഫ്ഐ പ്രവര്ത്തകന് ഹക്ക് മുഹമ്മദിന്റെ വീട് സന്ദര്‍ശിച്ച ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. ഗൂഢാലോചനയില്‍ അടൂര്‍ പ്രകാശിന്റെ പങ്ക് അന്വേഷിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
കോണ്‍ഗ്രസ് ഉന്നത നേതൃത്വത്തിന്റെ അറിവോടെയാണ് കൃത്യംനടന്നത്. കൊലപാതകത്തിന് ശേഷം പ്രതികള്‍ അടൂര്‍ പ്രകാശിനെ വിളിച്ച് ലക്ഷ്യം നിര്‍വഹിച്ചു എന്നറിയിച്ചെന്നും ഇ പി ജയരാജന് പറഞ്ഞു. കോണ്‍ഗ്രസ് നേതൃത്വം കൊലയാളി സംഘങ്ങള്‍ക്ക് രൂപം നല്കിയിരിക്കുന്നു. മറ്റു ജില്ലകളിലും കൊലപാതകങ്ങള്‍ക്ക് കോണ്‍ഗ്രസ് പദ്ധതിയിട്ടിട്ടുണ്ട്. തിരുവോണ നാളില്‍ കോണ്‍ഗ്രസ് രക്ത പൂക്കളമുണ്ടാക്കിയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇന്നലെ പുലര്‍ച്ചെയായിരുന്നു തിരുവനന്തപുരം വെഞ്ഞാറമ്മൂട്ടില്‍ കൊലപാതകം നടന്നത്. കൊല്ലപ്പെട്ട ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ മിഥിലാജ് (30) വെമ്പായം സ്വദേശിയും ഹഖ് മുഹമ്മദ് (24) കലിങ്കുംമുഖം സ്വദേശിയുമാണ്. ഹഖ് മുഹമ്മദിന്റെയും, മിഥിലാജിന്റെയും മരണകാരണം നെഞ്ചിലേറ്റ ആഴത്തിലുള്ള കുത്താണെന്നാണ് പോസ്റ്റ്മോര്‍ട്ടം നിഗമനം. കേസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയതായി റൂറല്‍ എസ്പി അറിയിച്ചു. ആറ്റിങ്ങല്‍ ഡിവൈഎസ്പി എസ് വൈ.സുരേഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം. വിവിധ ഷാഡോ യൂണിറ്റുകളെയും സംഘത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അതേസമയം, കൊലപാതകത്തില്‍ കോണ്‍ഗ്രസിന് ബന്ധമില്ലെന്ന് ഡിസിസിയില്‍ നിന്ന് റിപ്പോര്‍ട്ട് ലഭിച്ചതായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. രണ്ടുപേരുടെ മരണം സിപിഎം ആഘോഷിക്കുകയാണ്. നൂറിലധികം കോണ്‍ഗ്രസ് ഓഫിസുകള്‍ ആക്രമിക്കപ്പെട്ടെന്നും മുല്ലപ്പള്ളി പറഞ്ഞു. സി.പിഎം അക്രമം സര്‍ക്കാര്‍ നോക്കിനില്‍ക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് ചെന്നിത്തല ആരോപിച്ചു.