പെരുമ്പാവൂര്‍ : മുടക്കുഴ കുടുംബാരോഗ്യ കേന്ദ്രത്തിന് ആധുനിക സൗകര്യങ്ങളോടെ അനുവദിച്ച പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. അഡ്വ. എല്‍ദോസ് പി. കുന്നപ്പിള്ളില്‍ എം.എല്‍.എയുടെ ഫണ്ടില്‍ നിന്ന് അനുവദിച്ച 99 ലക്ഷം രൂപ വിനിയോഗിച്ചാണ് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത്. മണ്ഡലത്തില്‍ നടപ്പിലാക്കുന്ന ആരോഗ്യ പെരുമ്പാവൂര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയതെന്ന് എംഎല്‍എ പറഞ്ഞു. മൂന്ന് ഡോക്ടര്‍മാരുടെ മുറികള്‍, അത്യാഹിത മുറി, ഫര്‍മസി സൗകര്യം, സ്റ്റോര്‍, ലബോറട്ടറി, റിസപ്ഷന്, ഡ്രസ്സിംഗ് മുറി, നാല് ശുചിമുറികള്‍, എന്നിവ ഉള്‍പ്പെടുന്ന കെട്ടിടമാണ് പുതിയതായി നിര്‍മ്മിക്കുന്നത്.
കഴിഞ്ഞ വര്‍ഷമാണ് പ്രാഥമികാരോഗ്യ കേന്ദ്രമായിരുന്ന മുടക്കുഴ ആശുപത്രിയെ കുടുംബരോഗ്യ കേന്ദ്രമായി ഉയര്‍ത്തിയത്. മുടക്കുഴ പഞ്ചായത്തിലെയും സമീപ പഞ്ചായത്തുകളിലെയും ജനങ്ങള്‍ ആശ്രയിക്കുന്ന മുടക്കുഴ ആശുപത്രിയില്‍ ശരാശരി ഇരുനൂറ്റിയറുപതോളം രോഗികള്‍ ദിനം പ്രതി ചികിത്സയ്ക്കായി എത്തുന്നുണ്ട്. സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനമായ കെല് ആണ് നിര്‍മ്മാണ മേല്‍നോട്ടം വഹിക്കുന്നത്.