പ്രവാസി മലയാളികളുടെ ദീര്‍ഘകാല ആവശ്യമായ നേരിട്ടുള്ള യൂറോപ്പ്യന്‍ സര്‍വീസിന് തുടക്കം. ലണ്ടനില്‍ നിന്ന് നേരിട്ടുള്ള ആദ്യ എയര്‍ ഇന്ത്യ വിമാനം വെള്ളിയാഴ്ച പുലര്‍ച്ചെ കൊച്ചിയിലെത്തി. യൂറോപ്യന്‍ യാത്രാ സൗകര്യം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നേരിട്ടുള്ള മുഴുവന്‍ സര്‍വീസുകള്‍ക്കും ലാന്‍ഡിങ് ഫീ ഒഴിവാക്കുകയാണെന്ന് സിയല്‍ അറിയിച്ചു. സെപ്റ്റബര്‍ 27 വരെയുള്ള എയര്‍ ഇന്ത്യ സര്‍വീസുകള്‍ക്ക് നിലവില്‍ ഇതിന്റെ പ്രയോജനം ലഭിക്കും. ജലാഭിവാദ്യം നല്‍കിയാണ് സിയാല്‍ എയര്‍ ഇന്ത്യയുടെ ആദ്യ ലണ്ടന്‍- കൊച്ചി സര്‍വീസിനെ സ്വീകരിച്ചത്.
വിമാന ലാന്‍ഡിങ് ചാര്‍ജ് കുറയ്ക്കുന്നതോടെ കൂടുതല്‍ വിമാന കമ്പനികള്‍ക്ക് യൂറോപ്പിലേയ്ക്ക് നേരിട്ടുള്ള യാത്രാസൗകര്യം ഒരുക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ടിക്കറ്റ് ചാര്‍ജ് കുറയ്ക്കാനും ഇത് ഉപകരിച്ചേക്കും. എയര്‍ ഇന്ത്യയുടെ എ.ഐ 1186 വിമാനം വെള്ളിയാഴ്ച പുലര്‍ച്ചെ 03:28 നാണ് 130 യാത്രക്കാരുമായി കൊച്ചി വിമാനത്താവളത്തിലെത്തിയത്. സിയാല്‍ അഗ്നിരക്ഷാ സേനയുടെ ഫയര്‍ ടെന്‍ഡറുകള്‍ വിമാനത്തെ ജലാഭിവാദ്യം നല്കി സ്വീകരിച്ചു. പുതിയ മേഖലാ സര്‍വീസുകള്‍ക്കും പുതിയ വിമാനങ്ങള്‍ക്കുമാണ് വിമാനത്താവളങ്ങളില്‍ ജലാഭിവാദ്യം നല്‍കാറ്. ഇതേ വിമാനം എ.ഐ. 1185 എന്ന സര്‍വീസായി രാവിലെ 06.30ന് 229 യാത്രക്കാരുമായി മടങ്ങിപ്പോയി.
വന്ദേഭാരത് മിഷന്റെ ഭാഗമായി സെപ്റ്റംബര്‍ 27 വരെയുള്ള ലണ്ടന്‍-കൊച്ചി-ലണ്ടന്‍ സര്‍വീസുകളുടെ സമയപ്പട്ടിക ക്രമീകരിച്ചിട്ടുണ്ട്. വെള്ളി, ഞായര്‍ ദിവസങ്ങലാണ് ഈ സര്‍വീസ്. വെള്ളിയാഴ്ച പുലര്‍ച്ചെ നാലുമണിയോടെ ലണ്ടനില്‍ നിന്നെത്തുന്ന ആദ്യ വിമാനം അന്നേ ദിനം രാവിലെ ആറുമണിക്ക് മടങ്ങിപ്പോകും. ഞായറാഴ്ച പുലര്‍ച്ചെ 0015 ന് എത്തുന്ന വിമാനം അന്നേദിനം ഉച്ചയ്ക്ക് 1220 ന് മടങ്ങിപ്പോകും. ഇന്ത്യയില്‍ നിന്ന് ബ്രിട്ടീഷ് പൗരന്മാരെ മടക്കിക്കൊണ്ടുപോകുന്നതിന്റെ ഭാഗമായുള്ള ബ്രിട്ടീഷ് എയര്‍വേയ്സ് വിമാനം നേരത്തെ കൊച്ചിയില്‍ എത്തിയിരുന്നു. എയര്‍ ഇന്ത്യ ലണ്ടനില്‍ നിന്ന് മുംബൈ വഴിയും അമേരിക്കയിലെ സാന്‍ ഫ്രാന്‍സിസ്ക്കോ, ന്യൂയോര്‍ക്ക് എന്നിവിടങ്ങളില്‍ നിന്ന് ഡല്‍ഹി വഴിയും കൊച്ചിയിലേയ്ക്ക് തുടര്‍ച്ചയായി സര്‍വീസുകള്‍ നടത്തുന്നുണ്ട്.
ഇതാദ്യമായാണ് ലണ്ടനില്‍ നിന്ന് നേരിട്ടുള്ള സര്‍വീസ്. കോവിഡ് പശ്ചാത്തലത്തിലുള്ള പ്രത്യേക യാത്രാ പദ്ധതി പ്രകാരം കൂടുതല്‍ രാജ്യങ്ങളിലേയ്ക്ക് വിമാന സര്‍വീസുകള്‍ സെപ്റ്റംബര്‍ ആദ്യ വാരം ആരംഭിക്കും. നിലവില്‍ വിവിധ എയര്‍ലൈനുകള്‍ ഗള്‍ഫ്, ആഫ്രിക്ക, മലേഷ്യ, സിംഗപ്പൂര്‍, തായ്ലാന്ഡ് എന്നിവിടങ്ങളില്‍ പ്രത്യേക സര്‍വീസുകള്‍ നടത്തുന്നുണ്ട്. വന്ദേഭാരത് മിഷന്റെ ഭാഗമായി എയര്‍ ഇന്ത്യ യൂറോപ്, അമേരിക്ക, ഓസ്ട്രേലിയ എന്നിവിടങ്ങളില്‍ നിന്ന് വിവിധ ഇന്ത്യന്‍ നഗരങ്ങള്‍ വഴി കൊച്ചിയിലേയ്ക്ക് സര്‍വീസുകള്‍ നടത്തുന്നുണ്ട്. സെപ്റ്റംബര്‍ ആദ്യയാഴ്ച മുതല്‍ ഇന്‍ഡിഗോ കൊച്ചിയില്‍ നിന്ന് ദോഹ, ദുബായ്, കുവൈറ്റ് സര്‍വീസുകളുണ്ടാകും.