കേരളത്തിന്റെ സ്വന്തം ലാപ്ടോപ് എന്ന വിശേഷണവുമായി സ്വകാര്യ പങ്കാളിത്തത്തോടെ സര്‍ക്കാര്‍ തുടങ്ങിയ കൊക്കോണിക്സ് ലാപ്ടോപ്പിന് തുടക്കത്തിലേ കാലിടറി. പ്രതിവര്‍ഷം രണ്ടു ലക്ഷം ലാപ്ടോപുകള് ഉല്‍പ്പാദിപ്പിച്ച് വിറ്റഴിക്കാന്‍ ലക്ഷ്യമിട്ട് തുടങ്ങിയ സംരംഭത്തിലൂടെ നാളിതുവരെയായി വിറ്റത് അയ്യായിരത്തില്‍ താഴെ ലാപ്ടോപുകള് മാത്രം. 51 ശതമാനം സ്വകാര്യ പങ്കാളിത്തത്തോടെ സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതിക്കായി കെല്‍ട്രോണിന്റെ ഉടമസ്ഥതയിലുളള രണ്ടേകാല്‍ ഏക്കര്‍ സ്ഥലമാണ് വിട്ടുകൊടുത്തത്. പദ്ധതിയുടെ തുടക്കം മുതല്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു.
സര്‍ക്കാര്‍ വകുപ്പുകള്‍ക്കു തന്നെ പ്രതിവര്‍ഷം ഒരുലക്ഷം കമ്പ്യൂട്ടറുകളെങ്കിലും വില്‍ക്കാമെന്നും പൊതുവിപണിയിലെ കച്ചവടം കൂടിയാകുമ്പോള്‍ വര്‍ഷം രണ്ടു ലക്ഷം കമ്പ്യൂട്ടറെങ്കിലും വിറ്റുപോകുമെന്നുമെല്ലാമായിരുന്നു കണക്കുകൂട്ടല്‍. പക്ഷേ കഴിഞ്ഞ ജനുവരിയില്‍ തുടങ്ങിയ പദ്ധതി എട്ടുമാസം പിന്നിടുമ്പോള്‍ കഷ്ടിച്ച് നാലായിരത്തി അഞ്ഞൂറോളം ലാപ്ടോപ്പുകള് മാത്രമാണ് വിറ്റുപോയത്. അതും വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍. ഇ-കൊമേഴ്സ് സൈറ്റുകളിലടക്കം കേരളത്തിന്റെ സ്വന്തം ലാപ്ടോപ്പ് വില്‍പ്പനയ്ക്കു വച്ചെങ്കിലും ഉപഭോക്താക്കള്‍ കൊക്കോണിക്സിനോട് മമത കാണിച്ചിട്ടില്ല.
അതേസമയം സാമ്പത്തിക നഷ്ടമുണ്ടാക്കുന്ന പദ്ധതിയെന്നും, സ്വകാര്യ കമ്പനിയെ സഹായിക്കാനുളള പദ്ധതിയെന്നുമെല്ലാം തുടക്കം മുതലേ വിമര്‍ശനമുയര്‍ന്നിരുന്നു കൊക്കോണിസ്ക്സിനെ പറ്റി. എന്നാല്‍ വിമര്‍ശനങ്ങളെയെല്ലാം അവഗണിച്ചാണ് കൊക്കോണിക്സുമായി സംസ്ഥാന വ്യവസായ വകുപ്പ് മുന്നോട്ടു പോയത്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായ എം ശിവശങ്കറായിരുന്നു കൊക്കോണിക്സിന്റെയും മുഖ്യആസൂത്രകന്.