എറണാകുളം: ഓണസദ്യയിലെ ഉപ്പേരിയും ശര്‍ക്കര വരട്ടിയും തയ്യാറാക്കാന്‍ നല്ല നാടന്‍ വാഴപ്പഴങ്ങള്‍ വിളഞ്ഞു പാകമായിരിക്കുകയാണ് ചേന്ദമംഗലത്തിന്റെ വാഴത്തോപ്പുകളില്‍. കഴിഞ്ഞ രണ്ട് പ്രളയങ്ങളേയും അതിജീവിച്ചതിന്റെ മധുരമുണ്ട് ഇന്ന് ഇവിടത്തെ കര്‍ഷകരുടെ മുഖത്ത്.
കൃഷിവകുപ്പിന്റെ സ്റ്റേറ്റ് ഹോര്‍ട്ടികള്‍ച്ചര്‍ മിഷന് പദ്ധതിയില്‍ വാഴകന്നിനും പഞ്ചായത്തിന്റെ പദ്ധതിയില്‍ വളത്തിനും കര്‍ഷകര്‍ക്ക് സബ്സിഡി ലഭിക്കും. സ്വന്തം സ്ഥലത്തും പാട്ടത്തിനെടുത്ത സ്ഥലങ്ങളിലുമായി 50000 ലധികം വാഴകളാണ് കൃഷി ചെയ്തത്. പഞ്ചായത്തിന്റെ കൃത്യമായ ഇടപെടലുകള്‍ മൂലം കോവിഡ് സാഹചര്യത്തിലും നല്ല രീതിയില്‍ വാഴക്കുലകള്‍ കര്‍ഷകര്‍ക്ക് വില്ക്കാന് സാധിച്ചു.
നാടന്‍ നേന്ത്രവാഴകള്‍ കൂടാതെ ആറ്റു നേന്ത്രന്, ക്വിന്റല്‍ വാഴ, ബിഗ് എബാങ്ങ, പൂവന്, ഞാലി പൂവന്, ചെറുവാഴ എന്നിവയാണ് ഇവിടെ കൃഷി ചെയ്യുന്നത്. പറവൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ മറ്റ് ഗ്രാമപഞ്ചായത്തുകളും ചേന്ദമംഗലത്ത് നിന്നുള്ള വാഴപ്പഴങ്ങളെയാണ് ഓണക്കാലത്ത് ആശ്രയിക്കുന്നത്.