ഇന്ത്യയിലെ കിഴക്കിന്റെ സ്കോട്ട്ലന്‍ഡ് എന്നറിയപ്പെടുന്ന സ്ഥലമാണ് ഷില്ലോങ്. സഞ്ചാരികളുടെ പ്രിയപ്പെട്ട ഡെസ്റ്റിനേഷനുകളിലൊന്നുകൂടിയാണിവിടം. മേഘാലയയുടെ തലസ്ഥാന നഗരം കൂടിയാണ് ഷില്ലോങ്. മേഘാലയയെന്നു ഓര്‍മിപ്പിക്കും വിധം സുന്ദരമായ കാഴ്ചകളാണ് ഷില്ലോങ് അടക്കുന്തോറും. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന മൗസിന്റമും ചിറാപുഞ്ചിയുമെല്ലാം മേഘാലയത്തിലാണ്. കേരളത്തിലെ കാലാവസ്ഥയോടു സാമ്യമുള്ള ഇവിടെ കാര്‍ഷിക വിളകളും ഹരിതാഭയുള്ള പ്രകൃതിയുമാണ്.
നിരവധി മലകളും കുന്നുകളും പുഴകളും തടാകങ്ങളുമെല്ലാം കൊണ്ട് പ്രകൃതി കനിഞ്ഞനുഗ്രഹിച്ചിടം.ആദ്യകാഴ്ചയില്‍ തന്നെ ആരെയും മോഹിപ്പിക്കും ഇവിടം. സ്കോട്ട്ലാന്‍ഡിലെ കാഴ്ചകള്‍ക്ക് സമാനമായ മനോഹരമായ പ്രകൃതിദൃശ്യങ്ങളാണ് ഷില്ലോങ്ങിലും. സ്കോട്ട്ലന്ഡുമായി വളരെയധികം സാമ്യതകളുണ്ട്, അതിനാലാണ് ഷില്ലോങിനെ കിഴക്കന്‍ സ്കോട്ട്ലന്‍ഡ് എന്ന് വിളിക്കുന്നത്.
മഴക്കാടുകള്‍, ലിവിംഗ് റൂട്ട് ബ്രിഡ്ജുകള്‍, വെള്ളച്ചാട്ടങ്ങള്‍, പര്‍വതങ്ങളിലൂടെയുള്ള ഡ്രൈവുകള്‍, നിഷ്കളങ്കത നിറഞ്ഞു തുളുമ്പുന്ന ഗ്രാമങ്ങള്‍, നിഗൂഡത തളം കെട്ടി നില്ക്കുന്ന പ്രകൃതിദത്ത ഗുഹകള്‍, തെളിവോടെ ഒഴുകുന്ന ജലാശയങ്ങള്‍ തുടങ്ങി മേഘാലയയെ മനോഹരമാക്കിത്തീര്‍ക്കുന്ന ഒട്ടനവധി കാര്യങ്ങളുണ്ട്.
മേഘാലയത്തിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിലൊന്നാണ് ഡോകി അഥവാ ഡൗകി ഇന്ത്യബംഗ്ലാദേശ് അതിര്‍ത്തിക്കു സമീപമുള്ള ഈ ഗ്രാമം ഫൊട്ടോഗ്രഫി ഹോബിയാക്കിയവര്‍ക്ക് ഏറെ പ്രിയങ്കരമാണിവിടം. മേഘാലയയിലെ വെസ്റ്റേണ്‍ ജയന്ത ഹില്‍സ് ജില്ലയില്‍പെടുന്ന ഡൗകിയിലേക്ക് ഷില്ലോങ്ങില്‍ നിന്നും 80 കിലോമീറ്റര്‍ ദൂരമുണ്ട്. റയില്‍ മാര്‍ഗമോ വിമാനത്തിലോ ആസാമിന്റെ തലസ്ഥാനമായ ഗുവാഹത്തിയില്‍ എത്തിയാല്‍ അവിടെ നിന്ന് റോഡ് മാര്‍ഗം ഷില്ലോങ്ങിലെത്താം.