പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞന് പണ്ഡിറ്റ് ജസ്രാജ് (90) അന്തരിച്ചു. അമേരിക്കയിലെ ന്യൂജഴ്സിയിലെ വസതിയിലായിരുന്നു അന്ത്യം. മകള്‍ ദുര്‍ഗ ജസ് രാജ് ആണ് മരണവാര്‍ത്ത അറിയിച്ചത്. മേവതി ഘരാനയിലെ പ്രശസ്തനായ ഹിന്ദുസ്ഥാനി സംഗീജ്ഞന്‍ ആയിരുന്നു ജസ് രാജ്.
പതിനാലാം വയസ്സില്‍ തുടങ്ങിയ സംഗീതസപര്യ അവസാനം വരെ തുടര്‍ന്നു അദ്ദേഹം. മകള്‍ ദുര്‍ഗ ജസ് രാജിനൊപ്പം ന്യൂ ജഴ്സിയില്‍ കഴിയുന്ന വേളയിലും ഓണ്‍ലൈനിലൂടെ അദ്ദേഹം സംഗീതപാഠങ്ങള്‍ പകര്‍ന്നുനല്‍കിയിരുന്നു. ഹരിയാനയിലെ ഹിസാറില്‍ പിലി മണ്ഡോരി എന്ന കര്‍ഷക ഗ്രാമത്തില്‍ 1930 ജനുവരി 28 നാണ് ജസ്രാജിന്റെ ജനനം. അച്ഛന് മോതിറാം സംഗീതജ്ഞനായിരുന്നു. പതിനാലാം വയസ്സില്‍ സംഗീതം പഠനം ആരംഭിച്ചു. ഗുരുവിനെത്തേടിയുള്ള യാത്ര അവസാനിച്ച് ഗുജറാത്തിലെ സാനന്ദില്‍. മേതാതി ഘരാനയിലേക്ക്. ജയ്വന്ത് സിങ് വഗേല, ഗുലാം ഖാദിര്‍ ഖാന് എന്നിവരോടൊപ്പം മേവാതി ഘരാനയുടെ ആഴങ്ങള്‍ അറിഞ്ഞു.
ജുഗല്‍ബന്ദിയില്‍ ജസ്രംഗി എന്ന പുതിയ രീതിതന്നെ അദ്ദേഹം കൊണ്ടുവന്നു. സിനിമയ്ക്കുവേണ്ടിയും ജസ്രാജ് പാടി. 1966 ല്‍ ലഡ്കി സഹ്യാദ്രി കി എന്ന സിനിമയില്‍ വസന്ത് ദേശായി ആഹിര്ഭൈരവില് ചിട്ടപ്പെടുത്തിയ ഗാനമായിരുന്നു ആദ്യത്തേത്.
മലയാളിയായ രമേശ് നാരായണന് ഉള്‍പ്പെടെ നിരവധി സംഗീതജ്ഞര്‍ അദ്ദേഹത്തിന്റെ ശിഷ്യന്മാരാണ്. 80 വര്‍ഷത്തിലേറെ നീണ്ട കരിയറില്‍ പദ്മ ശ്രീ, പദ്മ ഭൂഷണ്, പദ്മ വിഭുഷണ്‍ തുടങ്ങിയ ബഹുമതികള്‍ക്ക് അദ്ദേഹം അര്‍ഹനായി.