കൊവിഡിനിടയില്‍ കേരളത്തിലും വിവിധ ജില്ലാ കേന്ദ്രങ്ങളില്‍ സ്വാതന്ത്ര്യ ദിനാഘോഷം നടന്നു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന് പതാക ഉയര്‍ത്തി. ചടങ്ങുകള്‍ പത്ത് മിനുറ്റ് മാത്രമായിരുന്നു. സ്വാതന്ത്ര്യമെന്നത് എത്രത്തോളം വിലപ്പെട്ടതാണ് എന്ന് തിരിച്ചറിയുന്ന കാലത്താണ് നാം ജീവിക്കുന്നതെന്ന് കടകംപള്ളി പറഞ്ഞു.
മുന്‍കരുതലോടെയുള്ള ആഘോഷമാണിത്. അതിജീവിക്കാനുള്ള പോരാട്ടമാണ് നടക്കുന്നത്. കൊവിഡ് ദൈനംദിന ജീവിതത്തെ ബാധിച്ചു. കൂടുതല്‍ ജാഗരൂകരാകണമെന്നും ഈ മഹാമാരിയെയും നാം അതിജീവിക്കുമെന്നും കടകംപള്ളി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന് ഇന്നലെ ക്വാറന്റൈനില്‍ പ്രവേശിച്ചതിനെ തുടര്‍ന്നാണ് തലസ്ഥാനത്ത് സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി കടകംപള്ളി സുരേന്ദ്രന് ദേശീയ പതാക ഉയര്‍ത്തിയത്.
കൊല്ലം ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തില്‍ നടന്ന സ്വതന്ത്ര ദിനാഘോഷ ചടങ്ങില്‍ വനം വകുപ്പ് മന്ത്രി കെ രാജു പതാക ഉയര്‍ത്തി. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ചടങ്ങുകള്‍ പരിമിതപ്പെടുത്തിയിരുന്നു ആഘോഷങ്ങള്‍. ആലപ്പുഴയിലെ സ്വാതന്ത്ര്യ ദിനാഘോഷം ധനമന്ത്രി ടി തോമസ് ഐസക് ഉദ്ഘാടനം ചെയ്തു. രാജ്യം കൊവിഡ് പ്രതിസന്ധിയെ നേരിടുമ്പോള്‍ സാധാരണ ജനങ്ങള്‍ക്ക് സഹായം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ കൂടെ ഉണ്ടാകുമെന്ന് തോമസ് ഐസക് പറഞ്ഞു.