തിരുവനന്തപുരം : കോവിഡ് വ്യാപനം തടയുന്നതിന് രാപ്പകല്‍ ഭേദമന്യേ തങ്ങളുടെയും കുടുംബത്തിന്റെയും ജീവന് പണയം വച്ച് ജോലി ചെയ്യുന്ന പോലീസ് സേനാംഗങ്ങളുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കി അവര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നത് അടിയന്തിരമായി പരിഗണിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്. ഇക്കാര്യം വിശദമായി പഠിച്ച് 30 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന് ജുഡീഷ്യല്‍ അംഗം പി. മോഹനദാസ് റവന്യു, ആഭ്യന്തര വകുപ്പ് സെക്രട്ടറിമാര്‍ക്ക് നിര്‍ദ്ദേശം നല്കി.
കോവിഡ് വ്യാപനം തടയുന്നതിനായി നിയോഗിക്കപ്പെട്ടതോടെ പോലീസുകാര്‍ അമിത ജോലിഭാരവും അരക്ഷിതാവസ്ഥയും അനുഭവിക്കുകയാണെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകനായ റനീഷ് കക്കടവത്ത് സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു. കോവിഡ് പ്രതിരോധത്തിന് എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും പോലെ പോലീസുകാരുടെ ശമ്പളത്തില്‍ നിന്നും സര്‍ക്കാര്‍ ഒരു നിശ്ചിത ശതമാനം ഈടാക്കുന്നുണ്ട്. എന്നാല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ധാരാളം ഇളവുകള്‍ സര്‍ക്കാര്‍ നല്കി വരുന്നുണ്ട്. പോലീസുകാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇളവുകള്‍ നിഷേധിക്കപ്പെടുന്നു. രോഗം വന്നാല്‍ പോലീസുകാര്‍ സ്വന്തം പോക്കറ്റില്‍ നിന്നും പണം മുടക്കണം. കേന്ദ്ര സര്‍ക്കാര്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഏര്‍പ്പെടുത്തിയ ഇന്‍ഷ്വറന്‍സ് പദ്ധതിയുടെ മാതൃകയില്‍ പോലീസുകാര്‍ക്കും ഇന്‍ഷ്വറന്‍സ് ഏര്‍പ്പെടുത്തണമെന്ന് പരാതിക്കാരന് ആവശ്യപ്പെട്ടു.