റഷ്യന്‍ ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ രണ്ട് മത്സരങ്ങള്‍ എല്ലാ ടീമും പൂര്‍ത്തിയാക്കിയിരിക്കുകയാണ്. അട്ടിമറികളും അതേ തിരിച്ചുവരവുകളും കണ്ട റൗണ്ട് കൂടിയാണിത്. ആരാധകരുടെ പ്രതീക്ഷ നിലനിര്‍ത്തി ബ്രസീലും ജര്‍മനിയും പോര്‍ച്ചുഗലും നിര്‍ണായകമായ ജയം നേടിയിരിക്കുകയാണ്. ഉറുഗ്വായും ഫ്രാന്‍സും ഇംഗ്ലണ്ടും സ്പെയിനും എടുത്ത് പറയാവുന്ന ജയം തേടി. എന്നാല്‍ പ്രതീക്ഷ തകര്‍ന്ന് നില്‍ക്കുന്നത് അര്‍ജന്റീന മാത്രമാണ്. രണ്ടാം മത്സരത്തില്‍ ക്രൊയേഷ്യ അര്‍ജന്റീനയെ തകര്‍ത്തെറിയുകയായിരുന്നു. ഇതോടെ ആദ്യ റൗണ്ടില്‍ തന്നെ തോറ്റ് പുറത്താവുമെന്ന നാണക്കേടിലാണ് അര്‍ജന്റീന. മെസ്സി ആരാധകരും ആഗ്രഹിക്കുന്ന കാര്യം കൂടിയാണിത്.
അതേസമയം ജയിച്ച ടീമുകളില്‍ ഒന്നോ രണ്ടോ പേര്‍ക്ക് മാത്രമാണ് അവസാന മത്സരത്തില്‍ പേടിയില്ലാതെ ഇറങ്ങാനാവുക. ജര്‍മനിക്കും ബ്രസീലിനും പോര്‍ച്ചുഗലിനും അര്‍ജന്റീനയ്ക്കും അവസാന മത്സരം നിര്‍ണായകമാണ്. അതുകൊണ്ട് പുതിയ ഗെയിം പ്ലാന്‍ ഈ ടീമുകള്‍ ഉണ്ടാക്കിയേ പറ്റൂ.ആദ്യ മത്സരം പ്രമുഖ ടീമുകള്‍ സമനിലയില്‍ കുരുങ്ങിയത് കൊണ്ടും ചിലര്‍ തോറ്റത് കൊണ്ടും തീപ്പാറിയ പോരാട്ടങ്ങളാണ് ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരങ്ങളില്‍ നടന്നു. ആദ്യ മത്സരത്തില്‍ സമനില വഴങ്ങിയ പോര്‍ച്ചുഗലും സ്പെയിനും കഷ്ടിച്ചാണ് രണ്ടാം മത്സരത്തില്‍ വിജയിച്ചത്. മൊറോക്കോയും ഇറാനും ഇരുടീമുകളെയും ശരിക്കും വെള്ളം കുടിപ്പിക്കുകയും ചെയ്തു. എന്നാല്‍ ഫ്രാന്‍സ് എളുപ്പത്തിലാണ് ജയിച്ച് കയറിയത്. ബ്രസീല്‍ ടീം പെര്‍ഫോമന്‍സില്‍ പരാഗ്വെയെയും ബെല്‍ജിയം ടുണീഷ്യയെയും ജര്‍മനി സ്വീഡനെയും ഇംഗ്ലണ്ട് പാനമയെയുമാണ് പരാജയപ്പെടുത്തിയത്. ഇതില്‍ ബെല്‍ജിയവും ഇംഗ്ലണ്ടും മാത്രമാണ് ആധികാരിക പ്രകടനം നടത്തിയത്. ബാക്കിയുള്ളവരെ എതിരാളികള്‍ ശരിക്കും വിറപ്പിച്ച ശേഷമായിരുന്നു കീഴടങ്ങിയത്.
ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ സൂപ്പര്‍ പെര്‍ഫോമന്‍സ് കൂടി സാക്ഷ്യം വഹിച്ചിട്ടുണ്ട്. തകര്‍പ്പന്‍ എന്ന ഒറ്റവാക്കില്‍ ഒതുങ്ങാത്തതാണ് ഇത്. റഷ്യഈജിപ്ത് മത്സരമായിരുന്നു അതിലൊന്ന്. 31 എന്ന സ്കോറിനായിരുന്നു റഷ്യയുടെ ജയം. ഡെന്നിസ് ചെറിഷേവ് എന്ന കിടിലന്‍ താരത്തിന്റെ ഗോള്‍ ഈ മത്സരത്തിന്റെ പ്രത്യേകതയായിരുന്നു. എടുത്ത പറയേണ്ട പ്രകടനമാണ് ഇത്. ബെല്ജിയംടുണീഷ്യ മത്സരത്തില്‍ ഇരട്ട ഗോള്‍ നേടിയ റൊമേലു ലുക്കാകുവാണ് ഏറ്റവും ഗംഭീര പ്രകടനം കാഴ്ച്ച വച്ചത്. ഈഡന് ഹസാര്‍ഡും ഈ മത്സരത്തില്‍ രണ്ട് ഗോള്‍ നേടി. മത്സരത്തില്‍ 52 എന്ന മാര്‍ജിനിലാണ് ബെല്‍ജിയം. പാനമയ്ക്കെതിരെ ഹാരി കെയ്നിന്റെ ഹാട്രിക്കാണ് റഷ്യന്‍ ലോകകപ്പിലെ ഏറ്റവും സൂപ്പര്‍ പെര്‍മോമന്‍സായി മുന്നില്‍ നില്‍ക്കുന്നത്. പാനമയെ 61 എന്ന സ്കോറിനാണ് ഇംഗ്ലണ്ട് തകര്‍ത്തെറിഞ്ഞത്.ആദ്യ ഘട്ടത്തില്‍ തീര്‍ത്തും നിരാശപ്പെടുത്തിയ രണ്ട് ടീമുകളുടെ തിരിച്ചുവരവിന് കൂടി കഴിഞ്ഞ ദിവസങ്ങളിലായി റഷ്യന്‍ ലോകകപ്പ് സാക്ഷ്യം വഹിച്ചു.
ആരാധകരുടെ പ്രിയ ടീമായ ബ്രസീലും ജര്‍മനിയുമായിരുന്നു അത്. ബ്രസീല്‍ ആദ്യ മത്സരത്തില്‍ സ്വിറ്റ്സര്‍ലന്റിനോട് അപ്രതീക്ഷിത സമനിലയാണ് വഴങ്ങിയത്. രണ്ടാം മത്സരത്തിലും സമാന സാഹചര്യം ഉണ്ടായെങ്കിലും കുട്ടീഞ്ഞോയും നെയ്മറും ടീമിന്റെ രക്ഷകരായി. പരാഗ്വെയെ എതിരില്ലാത്ത രണ്ടു ഗോളിന് പരാജയപ്പെടുത്തുകയും ചെയ്തു. ടൂര്‍ണമെന്റിലെ സാധ്യതകളാണ് ഇതോടെ ബ്രസീല്‍ സജീവമാക്കിയിരിക്കുന്നത്. ജര്‍മനി ആദ്യ മത്സരത്തില്‍ മെക്സിക്കോയോട് തോറ്റപ്പോള്‍ എല്ലാം അസ്തമിച്ചെന്ന് ആരാധകര്‍ വിധിയെഴുത്തി. സ്വീഡനെതിരെ ആദ്യ പകുതിയില്‍ ഒരു ഗോളിന് പിന്നിലായപ്പോള്‍ ജര്‍മനി പുറത്തായെന്ന് ഉറപ്പിച്ചതായിരുന്നു. എന്നാല്‍ രണ്ടു ഗോള്‍ തിരിച്ചടിച്ച് സാധ്യതകള്‍ സജീവമാക്കിയിരിക്കുകയാണ് ജര്‍മനി. പത്തുപേരായി ചുരുങ്ങുകയിട്ടും വിജയം നേടിയതും ടോണി ക്രൂസിന്റെ വണ്ടര്‍ ഗോളുമാണ് ഈ മത്സരത്തിന്റെ സവിശേഷത.
കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളെന്ന പെരുമയുമായിട്ടെത്തിയ അര്‍ജന്റീനയ്ക്ക് റഷ്യയില്‍ തൊട്ടതെല്ലാം പിഴക്കുന്നതാണ് കണ്ടത്. ആദ്യ മത്സരത്തില്‍ ഐസ്ലന്റിനോട് സമനില വഴങ്ങിയപ്പോള്‍ രണ്ടാം മത്സരത്തില്‍ ക്രൊയേഷ്യയോട് തോറ്റ് തുന്നം പാടുകയായിരുന്നു അര്‍ജന്റീന. ആരാധകരും ടീമും ഒരുപോലെ കണ്ണീരണിഞ്ഞ് നില്‍ക്കുകയാണ് ഇപ്പോള്‍. ക്രൊയേഷ്യയോട് കാര്യമായി ഒരു ഷോട്ട് പോലും തൊടുക്കാന്‍ സാധിക്കാതെയാണ് അര്‍ജന്റീന കീഴടങ്ങിയത്. അവസാന മത്സരത്തില്‍ ജയിക്കുക എന്നത് മാത്രമാണ് അര്‍ജന്റീനയുടെ മുന്നിലുള്ള വഴി. ഇനി ജയിച്ചാലും ഐസ്ലന്ഡ്ക്രൊയേഷ്യ മത്സരഫലത്തെ ആശ്രയിച്ചിരിക്കും അര്‍ജന്റീനയുടെ സാധ്യതകള്‍. അര്‍ജന്റീനയുടെ രണ്ട് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ ഏറ്റവുമധികം ക്രൂശിക്കപ്പെട്ട താരമായി ലയണല്‍ മെസ്സി മാറി കഴിഞ്ഞിരിക്കുകയാണ്. ടീമിനെ മുന്നില്‍ നിന്ന് നയിക്കാന്‍ സാധിക്കുന്നില്ലെന്നാണ് പ്രധാന വിമര്‍ശനം. അതേസമയം ഇംഗ്ലണ്ടും ബെല്‍ജിയവും ഫ്രാന്‍സും മാത്രമാണ് പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ച വമ്പന്മാര്. ബാക്കിയുള്ളവര്‍ക്കെല്ലാം അതിനിര്‍ണായകമാണ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരങ്ങള്‍.