സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യപ്രതി സ്വപ്ന സുരേഷില്‍ നിന്ന് 45 ലക്ഷം രൂപ കൂടി കണ്ടെടുത്തു. തലസ്ഥാനത്തെ എസ്ബിഐ ബാങ്ക് ലോക്കറില്‍ നിന്നാണ് സ്ഥിര നിക്ഷേപമായി സൂക്ഷിച്ച തുക കണ്ടെത്തിയത്. നേരത്തെ 1.05 കോടി രൂപയും 132 പവന് സ്വര്‍ണ്ണവും സ്വപ്നയില് നിന്ന് കണ്ടെത്തിയിരുന്നു. സ്വപ്നയുടെ പേരിലുള്ള ഫിക്സസ് ഡിപ്പോസിറ്റ് മരവിപ്പിക്കാനും ബാങ്കുകള്‍ക്ക് കസ്റ്റംസ് നിര്‍ദേശം നല്കി. സ്വപ്നയും ശിവശങ്കറും തമ്മിലുള്ള സാമ്പത്തിക ഇടപാടും പരിശോധനാ വിഷയമായി വരും. സ്വപ്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് ശിവ ശങ്കര്‍ മൊഴി നല്‍കിയിരുന്നു. താനും സഹായിച്ചിട്ടുണ്ടെന്നാണ് ഇദ്ദേഹം പറഞ്ഞത്. ലോക്കറില്‍ കോടികള്‍ സൂക്ഷിച്ചിരുന്ന സ്വപ്ന, എന്തിനാണ് ശിവ ശങ്കറില്‍ നിന്ന് പണം കൈപ്പറ്റിയതെന്നും എന്‍ഐഎ പരിശോധിക്കുന്നുണ്ട്. അതേസമയം ചോദ്യം ചെയ്യലിനായി കൊച്ചിയിലെ എന്‍ഐഎ ഓഫീസില്‍ ശിവശങ്കര്‍ എത്തിയിട്ടുണ്ട്.