സ്വര്‍ണ്ണക്കടത്ത് കേസില്‍ തനിക്ക് പങ്കില്ലെന്ന് യുഎഇ അറ്റാഷെയുടെ ഗണ്മാന് ജയഘോഷ്. കഴിഞ്ഞ ദിവസം ഇയാള്‍ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചിരുന്നു. ഇപ്പോള്‍ ജയഘോഷ് ആശുപത്രിയിലാണ്. നയതന്ത്രബാഗ് വാങ്ങാന്‍ പോയ വാഹനത്തില്‍ ജയഘോഷുമു ണ്ടായിരുന്നുവെന്ന് എന്‍ഐഎ കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ടായിരുന്നു എന്‍ഐഎ ജയഘോഷിന്റെ വിശദമായ മൊഴി രേഖപ്പെടുത്തിയത്. താന്‍ കോണ്‍സുലേറ്റിലേക്ക് പല ബാഗുകളും വാങ്ങി നല്‍കിയിരുന്നെന്നും എന്നാല്‍ ഇതില്‍ സ്വര്‍ണമായിരുന്നെന്ന് അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്നുമാണ് ജയഘോഷ് എന്‍ഐഎയോട് പറഞ്ഞത്. എന്നാല്‍ ഈ മൊഴി എന്‍ഐഎ വിശ്വാസത്തില്‍ എടുത്തിട്ടില്ല. എന്നാല്‍ കോണ്‍സുലേറ്റ് വാഹനത്തില്‍ സരിത്തിനൊപ്പമാണ് താന്‍ വിമാനത്താവളത്തില്‍ പോയതെന്നും ഇതെല്ലാം നയതന്ത്രബാഗ് വാങ്ങാനെന്നാണ് താന്‍ കരുതിയതെന്നുമാണ് ജയഘോഷ് നല്‍കിയിരിക്കുന്ന മൊഴി. എന്നാല്‍ ജയഘോഷ് പല തവണ സരിത്തിനെയും സ്വപ്നയെയും വാര്‍ത്ത പുറത്തുവന്ന ശേഷം വിളിച്ചിട്ടുണ്ടെന്ന കോള്‍രേഖകള്‍ എന്‍ഐഎയ്ക്ക് ലഭിച്ചിട്ടുണ്ട്. ബാഗില്‍ സ്വര്‍ണ്ണമായിരുന്നെന്ന് വാര്‍ത്തകള്‍ പുറത്തുവന്നത് കണ്ടപ്പോള്‍ ഇതെന്താണെന്നും, എന്താണ് സംഭവിച്ചതെന്നും ചോദിക്കാനാണ് താന്‍ സ്വപ്നയെ വിളിച്ചത് എന്നുമാണ് അന്വേഷണസംഘത്തിന് ജയഘോഷ് നല്‍കിയിരിക്കുന്ന മൊഴി.