പ്രധാനമന്ത്രി ഗൂഗിള്‍ സിഇഒയുമായി വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി ആശയവിനിമയം നടത്തി. കൊവിഡ്19 നെ പ്രതിരോധിക്കാനായി ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനും വിശ്വസനീയമായ വിവരങ്ങള്‍ നല്‍കുന്നതിനും ഗൂഗിള്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് സുന്ദര്‍ പിച്ചൈ പ്രധാന മന്ത്രിയോട് വിശദീകരിച്ചു. പ്രധാന മന്ത്രിയുടെ നേതൃത്വത്തില്‍ നടപ്പാക്കിയ ലോക്ക്ഡൗണ്‍ മഹാമാരിക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തിന് ശക്തമായ അടിത്തറ പാകിയെന്ന് അദ്ദേഹം പറഞ്ഞു. വ്യാജവാര്‍ത്തകള്‍ക്കെതിരെ പോരാടുന്നതിലും ആവശ്യമായ മുന്‍കരുതലുകളെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറുന്നതിലും ഗൂഗിള്‍ വഹിച്ച പങ്കിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ആരോഗ്യ സേവനങ്ങള്‍ നല്‍കുന്നതിനായി സാങ്കേതികവിദ്യ കൂടുതല്‍ ഉപയോഗപ്പെടുത്തുന്നതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. സാങ്കേതിക വിദ്യയുമായി ഇന്ത്യയിലെ ജനത പൊരുത്തപ്പെടുന്നുണ്ടെന്നും മാറ്റങ്ങള്‍ അതിവേഗം സ്വീകരിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
സാങ്കേതികവിദ്യ കര്‍ഷകര്‍ക്ക് പ്രയോജനപ്പെടുന്നതിനെക്കുറിച്ചുംകാര്ഷിക മേഖലയില്‍ നിര്‍മ്മിത ബുദ്ധിയുടെ വിശാലമായ സാധ്യതകളെക്കുറിച്ചും, വിദ്യാര്‍ത്ഥികള്‍ക്കും കര്‍ഷകര്‍ക്കും ഉപയോഗപ്രദമായ വെര്‍ച്വല്‍ ലാബുകള്‍ എന്ന ആശയത്തെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു. വന്‍തോതില്‍ നിക്ഷേപ നിധിക്കു തുടക്കം കുറിക്കാനും ഇന്ത്യയില്‍ നയപരമായ കൂട്ടുകെട്ടുകള്‍ പടുത്തുയര്‍ത്താനുമുള്ള ഗൂഗിളിന്റെ പദ്ധതിയെക്കുറിച്ച് പ്രധാനമന്ത്രിയെ സുന്ദര്‍ പിച്ചൈ അറിയിച്ചു. സൈബര്‍ കുറ്റകൃത്യങ്ങള്‍, വിവിധ സൈബര്‍ ആക്രമണ ഭീഷണികള്‍, അദ്ദേഹം സംസാരിച്ചു. ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്റെ പുതിയ സാധ്യതകള്‍, സാങ്കേതിക ഇടപെടലുകള്‍, പ്രാദേശിക ഭാഷയില്‍ സാങ്കേതികവിദ്യയിലേക്ക് അടുക്കുന്നതിനുള്ള മാര്‍ഗങ്ങള്‍, കായിക മേഖലയില്‍ മൈതാനങ്ങളിലേതുപോലുള്ള ദൃശ്യാനുഭവം നല്‍കാനായി ഓഗ്മെന്റഡ് റിയാലിറ്റി/വിര്‍ച്വല്‍ റിയാലിറ്റി തുടങ്ങിയവയുടെ ഉപയോഗം, ഡിജിറ്റല്‍ പണമിടപാട് മേഖലയിലെ പുരോഗതി എന്നീ കാര്യങ്ങളെക്കുറിച്ചും ഇരുവരും ചര്‍ച്ചചെയ്തു.