സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ബിഎംഎസ് നേതാവിന്റെ കൊച്ചിയിലെ വീട്ടില്‍ പരിശോധന. ബിഎംഎസിന്റെ നേതാവായ ഹരിരാജിന്റെ ഞാറയ്ക്കലിലെ വീട്ടിലാണ് കസ്റ്റംസ് ഉദ്യോഗസ്ഥരെത്തിയത്. സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് പരിശോധന നടത്തിയ ഹരിരാജിന് മുതിര്‍ന്ന ബിജെപി, ആര്‍എസ്എസ്, ബിഎംഎസ് നേതാക്കളുമായി അടുത്തബന്ധമാണുള്ളത്. കസ്റ്റംസ് ക്ലിയറന്‍സ് അസോസിയേഷന് നേതാവായ ഹരിരാജിന് വന്‍കിട ബിസിനസ്സുകാരുമായും ഇടപാടുകളുണ്ട്.
ഡിപ്ലൊമാറ്റിക് പാഴ്സലിലെത്തിയ സ്വര്‍ണം കസ്റ്റംസ് പിടികൂടിയപ്പോള്‍ ആദ്യം വിളിച്ചത് ഒരു ട്രേഡ് യൂണിയന് നേതാവാണെന്ന വിവരം പുറത്തുവന്നിരുന്നു. ഇതേ നേതാവാണ് സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യ കണ്ണികളെന്ന് സംശയിക്കുന്ന സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും രക്ഷപ്പെടാന്‍ സഹായിച്ചതെന്നും കസ്റ്റംസിന് വിവരമുണ്ട്. ബാഗേജ് പിടികൂടിയപ്പോള്‍ നയതന്ത്ര പരിരക്ഷയുള്ളതിനാല്‍ പണി തെറിക്കുമെന്ന് ഇദ്ദേഹം കസ്റ്റംസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയിരുന്നു. ഉദ്യോഗസ്ഥര്‍ വഴങ്ങാതിരുന്നതോടെ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരെ ഇയാള്‍ രംഗത്തിറക്കാനും ഇടപെട്ടു. അതേസമയം പാഴ്സല്‍ പൊട്ടിച്ച് പരിശോധിക്കുമെന്ന ഘട്ടം വന്നപ്പോള്‍ യുഎഇയിലേക്ക് തിരികെ അയപ്പിക്കാന്‍ ഇയാള്‍ ശ്രമം നടത്തിയെന്നും വിവരമുണ്ട്. ഇത്തരത്തിലുള്ള വഴിവിട്ട നീക്കങ്ങള്‍ ബോധ്യപ്പെട്ടപ്പോഴാണ് ബാഗേജിന് പിന്നില്‍ അനധികൃത ഇടപെടലുണ്ടെന്ന് കസ്റ്റംസ് ഉറപ്പിച്ചതും തുടര്‍ നടപടികളിലേക്ക് കടന്നതും.
ബിഎംഎസ് നേതാവിന്റെ ബന്ധം പുറത്തുവന്നതോടെ ബിജെപി നേതാക്കള്‍ പ്രതിസന്ധിയിലായി. ഇതുവരെ പറഞ്ഞു കൊണ്ടിരുന്ന ആരോപണങ്ങള്‍ വിഴുങ്ങേണ്ട അവസ്ഥയിലായി നേതാക്കള്‍. ഇതിനിടെ കേസില്‍ ഒളിവിലായ ബിജെപി പ്രവര്ത്തകന് സന്ദീപ് നായരെ ചൊല്ലി ബിജെപി യില്‍ കലാപം തുടങ്ങി. ഇതേചൊല്ലി വിവിധ ബിജെപി ഗ്രൂപ്പുകള്‍ സോഷ്യല്‍ മീഡിയയിലും പോരടിച്ചു തുടങ്ങി
ഹരിരാജിന്റെ ആര്‍എസ്എസ്, ബിജെപി ബന്ധം പ്രകടമാക്കുന്ന തെളിവുകള്‍ പുറത്തുവരുന്നുണ്ട്. സമൂഹമാധ്യമങ്ങളിലടക്കം ബിജെപിയെയും ആര്‍എസ്എസിനെയും പിന്തുണക്കുന്ന പോസ്റ്റുകള്‍ കാണാം. കേന്ദ്രമന്ത്രി വി മുരളീധരനോടാണ് ബിജെപിയില്‍ ഏറ്റവും അടുപ്പമുള്ളത്. വി മുരളീധരന് കേന്ദ്രമന്ത്രി ആയി സത്യപത്രിജ്ഞ ചെയ്തതുമുതല് തുടര്‍ച്ചയായി പിന്തുണച്ചുകൊണ്ടുള്ള പോസ്റ്റുകളും ഇയാളുടെ ടൈംലൈനിലുണ്ട്. സ്വര്‍ണം പിടികൂടിയ സംഭവത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥരെയും, അസിസ്റ്റന്റ് കമീഷണര്‍ ശ്രീരാമ മൂര്‍ത്തിയെയും അഭിനന്ദിച്ചുകൊണ്ടുള്ള കുറിപ്പുകളും ഫെയ്സ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്. ബിജെപി നേതാവ് സന്ദീപ് വാര്യര്‍ ഫാന്‍സ് ക്ലബ്ബ്, കാവിപ്പട, നമോ ടിവി, ഛത്രപതി ശിവജി, ജയ് ഭാരത് മാതാ, ജനം ടിവി തുടങ്ങിയവയുടെ സംഘ്പരിവാര്‍ അനുകൂല വാര്‍ത്തകളാണ് ഇയാള്‍ നിരന്തം ഷെയര്‍ ചെയ്തിരുന്നത്. ബിഎംഎസിന്റെ സംസ്ഥാന ഭാരവാഹിളടക്കം സുഹൃദ്വലയത്തിലുണ്ട്.