അമേരിക്കയില്‍ ആകാശ പറക്കലിനിടെ രണ്ട് ചെറു വിമാനങ്ങള്‍ കൂട്ടിയിടിച്ച് എട്ട് പേര് മരിച്ചു. അമേരിക്കയിലെ ഐഡഹോയിലാണ് സംഭവമുണ്ടായത്. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമാണ് വിമാനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. അപകടത്തില്‍പ്പെട്ട രണ്ട് പേരുടെ മൃതദേഹം ലഭിച്ചു. വിമാനത്തില്‍ സഞ്ചരിച്ചവരില്‍ ആരും രക്ഷപ്പെടാന്‍ സാധ്യതയില്ലെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഞായറാഴ്ച ഉച്ചതിരിഞ്ഞ് 2 മണിക്കാണ് പൌഡര്‍ ഹോണ്‍ ബേയിലെ, കോവര്‍ അലീന എന്ന തടാകത്തിന് മുകളില്‍ വച്ച് വിമാനങ്ങള്‍ കൂട്ടിയിടിച്ച് തടാകത്തിലേക്ക് മുങ്ങിയത്, തടാകത്തിന് മുകളില്‍ വലിയ തോതില്‍ വിമാന ഇന്ധനം കാണപ്പെട്ടിരുന്നു. വിമാനങ്ങള്‍ ആകാശത്ത് വച്ച് എങ്ങനെ കൂട്ടിയിടിച്ചു എന്നത് സംബന്ധിച്ച് ഇപ്പോഴും വ്യക്തമായ ഉത്തരം ലഭിച്ചിട്ടില്ലെന്നാണ് ഫെഡറല്‍ എവിയേഷന്‍ അഡ്മിനിസ്ട്രേഷന് അറിയിക്കുന്നത്.