മൂവാറ്റുപുഴ: സംസ്ഥാനത്ത് ഓണ്‍ലൈന്‍ വിദ്യാഭ്യാസം ആരംഭിച്ചതോടെ മൂവാറ്റുപുഴ നിയോജക മണ്ഡലത്തില്‍ നിര്‍ദ്ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടര്‍, ലാപ്ടോപ്പ്, സ്മാര്‍ട്ട് ഫോണ്‍, ടാബ് അടക്കം ഇല്ലാതെ വിദ്യാഭ്യാസം മുടങ്ങുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി ടാബ് ലറ്റ് ചലഞ്ചുമായി എല്‍ദോ എബ്രഹാം എം.എല്‍.എ. മണ്ഡലത്തില്‍ എല്‍ദോ എബ്രഹാം എം.എല്‍.എ നടപ്പിലാക്കുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ വിദ്യാ ദീപ്തി പദ്ധതിപ്രകാരം നിര്‍ദ്ധനരായ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഓണ്‍ലൈന്‍ പഠനമൊരുങ്ങുന്നതിന് ടാബ് ലറ്റുകള്‍ എത്തിച്ച് നല്‍കുന്നതാണ് പദ്ധതി. വിവിധ രാഷ്ട്രീയ-സാമൂഹിക-സന്നദ്ധ സംഘടനകള്‍, സഹകരണ ബാങ്കുകള്‍, വിക്തികള്‍ എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
പദ്ധതി നടപ്പിലാക്കുന്നതിന് മുന്നോടിയായി എല്ലാ പഞ്ചായത്തുകളിലും പഞ്ചായത്ത് പ്രസിഡന്റ്മാര്‍, ജനപ്രതിനിധികള്‍, എ.ഇ.ഒ, ബി.പി.ഒ, പഞ്ചായത്തിലെ ഹെഡ്മാസ്റ്റര്മാര് എന്നിവരുടെ യോഗങ്ങള്‍ നടന്ന് വരികയാണ്. മണ്ഡലത്തില്‍ താമസക്കാരായ ഓണ്‍ലൈന്‍ സൗകര്യമില്ലാത്ത മുഴുവന്‍ നിര്‍ദ്ധനരായ വിദ്യാര്‍ത്ഥികള്‍ക്കും പഠനമൊരുക്കുന്ന പദ്ധതിയില്‍ അതാത് പ്രദേശങ്ങളിലെ ഹെഡ്മാസ്റ്റര്‍മാരാണ് വിദ്യാര്‍ത്ഥികളെ കണ്ടെത്തുന്നത്. ഇവര്‍ നിര്‍ദ്ദേശിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പദ്ധതി പ്രകാരം ടാബ് എത്തിച്ച് നല്‍കും. മൂവാറ്റുപുഴ നിയോജക മണ്ഡലത്തില്‍ 400-ഓളം വിദ്യാര്‍ത്ഥികളാണ് ഓണ്‍ലൈന്‍ സൗകര്യമില്ലാത്തത്.മൂവാറ്റുപുഴ നഗരസഭയിലും 11 പഞ്ചായത്തുകളിലുമായിട്ടാണ് പദ്ദതി നടപ്പിലാക്കുന്നത്. പദ്ധതിക്കായി എം.എല്‍.എ ഫണ്ട് വിനിയോഗിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്കിയാല് ആവശ്യമായ ഫണ്ട് അനുവദിക്കുമെന്നും എല്‍ദോ എബ്രഹാം എം.എല്‍.എ പറഞ്ഞു.