സംസ്ഥാനത്തെ സ്കൂൾ വിദ്യാർത്ഥികൾക്ക് നടത്തുന്ന ഓൺലൈൻ ക്ലാസിന്റെ ട്രയൽ ഒരാഴ്ചത്തേക്ക് കൂടി നീട്ടാൻ തീരുമാനം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്. ജൂൺ ഒന്ന് മുതൽ വിക്ടേഴ്സ് ചാനലിലൂടെയും ഓൺലൈനിലൂടെയും ക്ലാസുകൾ തുടങ്ങിയിരുന്നു. ഈ ക്ലാസുകളുടെ ട്രയൽ ഒരാഴ്ചത്തേക്ക് നടത്താനായിരുന്നു ആദ്യം തീരുമാനിച്ചത്.
എന്നാൽ ടിവിയും സ്മാർട്ട് ഫോണും ഇല്ലാത്ത 2,62,000 കുട്ടികളുണ്ടെന്നാണ് കണക്കുകൾ. ഇതിന് പുറമെ മറ്റ് പല അപാകതകളും ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ക്ലാസിന്റെ ട്രയൽ ഒരാഴ്ചത്തേക്ക് കൂടി നീട്ടാൻ സർക്കാർ തീരുമാനിച്ചത്. രണ്ടാഴ്ച കൊണ്ട് എല്ലാ അപാകതകളും പരിഹരിക്കുമെന്നാണ് സർക്കാർ കരുതുന്നത്.