എന്തുകൊണ്ടാണ് ഗര്‍ഭത്തിന്റെ മൂന്ന് മാസം ദമ്പതികള്‍ ലൈംഗിക ബന്ധത്തില്‍ നിന്ന് വിട്ടുനില്ക്കുന്നതെന്നറിയുമോ? കാരണമിതാണ് ഈ കാലയളവിലാണ് ബീജം ഭ്രൂണമായി മാറുന്നതും ഗര്‍ഭം ഉറച്ചുതുടങ്ങുന്നതും. അതുകൊണ്ടുതന്നെ, ഈ സമയങ്ങളില്‍ ശാരീരികബന്ധവും കഠിനാദ്ധ്വാനമുള്ള ജോലികളും ഒഴിവാക്കണമെന്ന് പറയുന്നത്. അവസാനത്തെ മൂന്നു മാസവും സെക്സ് ഒഴിവാക്കണം. യോനിയില്‍ അണുബാധ യുണ്ടാകാനുള്ള സാധ്യത ഈ സമയത്ത് കൂടുതലായിരിക്കും. കൂടാതെ ഗര്‍ഭപാത്രത്തിന്റെ വലുപ്പക്കൂടുതല്‍ സുഗമമായ ലൈംഗികബന്ധത്തിനു തടസ്സമാകും. എന്നാല്‍, മൂന്നു മുതല്‍ ആറു വരെയുള്ള മാസങ്ങള്‍ പൊതുവെ ‘റിസ്ക് ഫ്രീ ടൈം’ ആണ്. ഈ സമയത്ത് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതു കൊണ്ട് ശാസ്ത്രീയമായി ഒരു തകരാറുമില്ല.
ഗര്‍ഭിണികള്‍, ഗര്‍ഭകാലത്ത് അനുഭവിക്കേണ്ടിവരുന്ന മാനസികസമ്മര്‍ദ്ദങ്ങളില്‍ നിന്ന് രക്ഷനേടാനും ദാമ്പത്യത്തിന്റെ ഊഷ്മളത നിലനിര്‍ത്താനും ഗര്‍ഭകാല സെക്സ് സഹായിക്കും. ഒഴിവാക്കേണ്ടവര്‍ സാധാരണ ഗര്‍ഭത്തില്‍ സെക്സ് ആകാമെങ്കിലും, മുമ്പ് ആവര്‍ത്തിച്ച് അബോര്‍ഷനുകള്‍ ഉണ്ടായിട്ടുള്ളവര്, മാസം തികയാതെ പ്രസവം നടന്നിട്ടുള്ളവര്‍, ഗര്‍ഭകാലത്ത് അടിയ്ക്കടി യൂറിനറി ഇന്‍ഫെക്ഷനും വജൈനല്‍ ഇന്‍ഫെക്ഷനും ഉണ്ടാകുന്നവര്‍, ഇരട്ടക്കുട്ടികള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളവര്‍, ഗര്‍ഭപാത്രത്തില്‍ നിന്ന് വെള്ളം പൊട്ടിപ്പോയിട്ടുള്ളവര്, മുന്‍കാലങ്ങളില്‍ മറ്റു പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ലെങ്കിലും പ്രസവം നേരത്തെ നടക്കാന്‍ സാധ്യതയുള്ളവര്‍ തുടങ്ങിയ ശാരീരികാവസ്ഥകളുള്ളവര്‍ ഗര്‍ഭധാരണം മുതല്‍ പ്രസവം വരെയുള്ള കാലയളവില്‍ പൂര്‍ണ്ണമായും ലൈംഗികബന്ധം, പ്രത്യേകിച്ച് ലിംഗയോനി ബന്ധം, ഒഴിവാക്കുന്നതാണ് കുഞ്ഞിന്റെ സുരക്ഷിതമായ ജനനത്തിനു നല്ലത്.
ഗര്‍ഭകാലത്തെ ലൈംഗികബന്ധം മാനസികപിരിമുറുക്കം ഒരുപരിധി വരെ ഒഴിവാക്കാന്‍ സഹായിക്കും. ഈ സമയത്ത് വജൈനയില്‍ ഡിസ്ചാര്‍ജ്ജ് സാധാരണയിലും കൂടുതലായിരിക്കും. ഇത് ലൈംഗികബന്ധം കൂടുതല്‍ ആസ്വാദ്യകരമാകാന്‍ സഹായിക്കും. പ്രസവത്തോടടുത്ത സമയത്ത് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ യോനിയിലെത്തുന്ന ബീജത്തില്‍ പ്രസവവേദനയുണ്ടാക്കാന് സാധ്യതയുള്ള ഹോര്‍മോണുകള്‍ ഉള്ളതിനാല്‍ ലൈംഗികബന്ധത്തിനു ശേഷം പ്രസവവേദന പോലെ അനുഭവപ്പെടാനും ചില സാഹചര്യങ്ങളില്‍ പ്രസവം നടക്കുന്നതിലേക്കു നയിക്കാനും കാരണമാകും.